തിരുവനന്തപുരത്തെ (ഉള്ളൂർ, പ്രശാന്ത് നഗർ) സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) 2022-23 വർഷം വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.cds.eduൽ. അപേക്ഷ ജൂൺ 30വരെ സമർപ്പിക്കാം.
•എം.എ അപ്ലൈഡ് ഇക്കണോമിക്സ്, രണ്ടുവർഷത്തെ (നാല് സെമസ്റ്ററുകൾ) ഫുൾടൈം റെഗുലർ പ്രോഗ്രാം. പ്രവേശനയോഗ്യത ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. SC/ST/PWD വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് മിനിമം പാസ് മാർക്കായാലും അപേക്ഷിക്കാം. ഫൈനൽ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
ജൂലൈ 31ന് രാവിലെ 10 മുതൽ 12വരെ തിരുവനന്തപുരം, കോഴിക്കോട്, ഗുവാഹതി, ഹൈദരാബാദ്, ന്യൂഡൽഹി, പുണെ, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് സെലക്ഷൻ.ട്യൂഷൻ ഫീസ് ഓരോ സെമസ്റ്ററിനും 8000 രൂപ വീതം. SC/ST/ബിരുദ വിഭാഗങ്ങളിൽപെടുന്നവർക്ക് 2000 രൂപ വീതം. ഭിന്നശേഷിക്കാരുടെ വാർഷിക കുടുംബവരുമാനം രണ്ടര ലക്ഷം കവിയാൻ പാടില്ല.
•പിഎച്ച്.ഡി, ഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാം സെപ്റ്റംബറിലാരംഭിക്കും. സാമ്പത്തിക ശാസ്ത്രത്തിലാണ് ഗവേഷണപഠനം. യോഗ്യത: എം.ഫിൽ അല്ലെങ്കിൽ, മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രി. SC/ST/PWD/OBC നോൺ ക്രീമീലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് മതി. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ആകെ 12 സീറ്റുകളാണുള്ളത്. CSIR/UGC ജെ.ആർ.എഫ്/ലെക്ചർഷിപ് യോഗ്യത നേടിയിരിക്കണം. വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ. എന്നാൽ, ജെ.ആർ.എഫ് യോഗ്യതയില്ലാത്തവരെ ജൂലൈ 31ന് എൻട്രൻസ് ടെസ്റ്റും തുടർന്ന് ഇന്റർവ്യൂവും നടത്തി തിരഞ്ഞെടുക്കും. സെമസ്റ്റർ ട്യൂഷൻ ഫീസ് 120 രൂപ മാത്രം.
അപേക്ഷാഫീസ് 500 രൂപ. SC/ST/PWD വിഭാഗത്തിൽപെടുന്നവർക്ക് ഫീസില്ല. ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയാണ് (ജെ.എൻ.യു) ബിരുദങ്ങൾ സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.