കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ലാർസൻ ആൻഡ് ട്യൂബ്രോ (എൽ ആൻഡ് ടി) കൺസ്ട്രക്ഷൻ കമ്പനിയുടെ ബിൽഡ് ഇന്ത്യ സ്കോളർഷിപ്പോടെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ എം.ടെക് പഠിക്കാം. രണ്ടുവർഷത്തെ റഗുലർ കോഴ്സ് 2024 ജൂലൈയിൽ ആരംഭിക്കും. വിദ്യാർഥികൾ ഫീസൊന്നും നൽകേണ്ടതില്ല.
ഇന്ത്യയിലെ അംഗീകൃത സർവകലാശാല/സ്ഥാപനങ്ങളിൽ പഠിക്കുന്ന അവസാനവർഷ ബി.ഇ/ബി.ടെക് (സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്) വിദ്യാർഥികൾക്കാണ് അവസരം. 2024ൽ മൊത്തം 70 ശതമാനം മാർക്കിൽ/7.0 സി.ജി.പി.എയിൽ കുറയാതെ വിജയിക്കുമെന്ന് പ്രതീക്ഷയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 1.7.2024ൽ 23 വയസ്സ് കവിയാൻ പാടില്ല.
എഴുത്തുപരീക്ഷ (ടെക്നിക്കൽ ആൻഡ് ആപ്റ്റിറ്റ്യൂഡ്), വ്യക്തിഗത അഭിമുഖം, മെഡിക്കൽ ഫിറ്റ്നസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
മദ്രാസ്, ഡൽഹി ഐ.ഐ.ടികളിലും തിരുച്ചിറപ്പള്ളി, സൂറത്കൽ എൻ.ഐ.ടികളിലുമാണ് പഠനാവസരം. എൽ.ആൻഡ്.ടിയുടെ സഹകരണത്തോടെ സെലക്ഷൻ നടപടികൾ സ്വീകരിക്കുന്നത് ഇതേ സ്ഥാപനങ്ങൾ തന്നെയാണ്. നിശ്ചിത ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കുന്നവരെയാണ് അന്തിമമായി തിരഞ്ഞെടുക്കുക.പഠിതാക്കൾക്ക് പ്രതിമാസം 13,400 രൂപ വീതം സ്കോളർഷിപ് ലഭിക്കും. സ്പോൺസർഷിപ് ഫീസും ട്യൂഷൻ ഫീസും ബന്ധപ്പെട്ട ഐ.ഐ.ടി/എൻ.ഐ.ടികൾക്ക് എൽ ആൻഡ് ടി കമ്പനി നേരിട്ട് നൽകുന്നതാണ്. വിജയകരമായി എം.ടെക് കോഴ്സ് പൂർത്തിയാക്കുന്നവരെ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രോജക്ട് മാനേജ്മെന്റ് ആൻഡ് എക്സിക്യൂഷൻ വിഭാഗത്തിൽ ആകർഷകമായ ശമ്പളത്തിൽ എൻജിനീയർമാരായി നിയമിക്കും.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.Lntecc.com/careersൽ ബിൽഡ് ഇന്ത്യ സ്കോളർഷിപ് ലിങ്കിൽ ലഭിക്കും. ഓൺലൈനായി മാർച്ച് ആറുവരെ അപേക്ഷിക്കാം. തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ മാർച്ച് 31ന് നടത്തും. അഭിമുഖം ഏപ്രിലിലുണ്ടാവും. റിക്രൂട്ട്മെന്റിന്റെ ഒരുഘട്ടത്തിലും ഫീസ് ഈടാക്കുന്നതല്ല. അന്വേഷണങ്ങൾക്ക് BIS@LNTECC.COM എന്ന ഇ-മെയിലിൽ ബന്ധപ്പെടാം. വിലാസം: L & T Construction, NM Marg, Ballard Estate, Mumbai-400001.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.