കോഴിക്കോട്: അധ്യാപകർക്ക് ക്ലാസിലെത്താൻ നേരമില്ലാത്തതിനാൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനം പ്രഹസനമാകുന്നു. ഏകോപനമില്ലാത്തതിനാൽ അധ്യാപകർക്ക് ഒരേ സമയം വിവിധ ചുമതലകളും പരിശീലനവും നടക്കുന്നതിനാലാണ് ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തനം നേരാംവണ്ണം നടത്താനാവാതെ താളംതെറ്റുന്നത്.
അധ്യാപകരില്ലാത്തതിനാൽ പല സ്കൂളുകൾക്കും പൂർണമായോ ഭാഗികമായോ അവധി നൽകാൻ നിർബന്ധിതരാവുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ വന്നതോടെ ജൂൺമാസത്തെ അധ്യയനം സുഗമമാവില്ലെന്നുറപ്പായി. ഹയർ സെക്കൻഡറി അധ്യാപകർക്ക് ചതുർദിന അധ്യാപക സംഗമത്തോടൊപ്പം പ്ലസ് വൺ അഡ്മിഷനും പ്ലസ്ടു ക്ലാസുകളും ഒരുമിച്ചാണ് നടക്കുന്നത്.
പരിശീലനത്തിന് സ്കൂളിൽനിന്ന് അഞ്ചും ആറും അധ്യാപകർക്ക് ഒരേ സമയം പരിശീലനത്തിന് പോകേണ്ടി വരുന്നതുമൂലം ക്ലാസ് നടത്താൻ കഴിയുന്നില്ല. അവധിക്കാലത്ത് നടത്തേണ്ടിയിരുന്ന പരിശീലനം നീട്ടിയതാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും തിരിച്ചടിയായത്. വിദ്യാർഥികളുടെ പ്രവൃത്തിദിനം കുറയുന്നത് പരീക്ഷയെ ബാധിക്കുമെന്ന ആശങ്കക്കുമിടയാക്കുകയാണ്.
ജൂൺ 12 മുതൽ പ്ലസ്ടു സേ പരീക്ഷയും ആരംഭിച്ചു. ക്ലബ് സ്കൂളുകളാക്കിയാണ് പരീക്ഷ നടത്തുന്നതെങ്കിലും അധ്യാപകർക്ക് ചുമതലയുള്ളത് സ്കൂൾ പ്രവർത്തനത്തിന് തടസ്സമായി. ഒന്നും രണ്ടും സ്കൂളിലെ വിദ്യാർഥികളെ ചേർത്താണ് സേ പരീക്ഷ നടത്തുന്നത്. ജൂൺ അവസാനംവരെ വിവിധ ബാച്ചുകളായി അധ്യാപകർക്ക് പരിശീലനം നൽകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ പറയുന്നത്.
കഴിഞ്ഞ ദിവസം സെക്കൻഡ് അലോട്ട്മെന്റ് വന്നതിനാൽ അധ്യാപകർക്ക് തിരക്കും ചുമതലയും വർധിച്ചു. ഇതിനിടക്ക് ക്ലാസിലെത്തി പഠിപ്പിക്കാൻ നേരമില്ലാത്ത അവസ്ഥയുമായി. ഒരേ അധ്യാപകർ തന്നെയാണ് പ്ലസ്ടു ക്ലാസുകളും അഡ്മിഷനും സേ പരീക്ഷയും കൈകാര്യം ചെയ്യേണ്ടിവരുന്നത്.
പരിശീലനത്തിൽ പങ്കെടുക്കേണ്ടതും അവർ തന്നെ. പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെയും പരീക്ഷാജോലിക്ക് ഹാജരാകാത്ത അധ്യാപകർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നതിനാൽ അധ്യാപകരുടെ തലപുകഞ്ഞ് ധർമസങ്കടത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.