ദോഹ: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ ‘എന്റെ സ്കൂൾ, എന്റെ രണ്ടാം വീട്’ എന്ന പേരിൽ ‘ബാക് ടു സ്കൂൾ’ കാമ്പയിന് തുടക്കം കുറിച്ച് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. വ്യാഴാഴ്ച ആരംഭിച്ച കാമ്പയിൻ ആഗസ്റ്റ് 29 വരെ നീണ്ടുനിൽക്കും. സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് സ്കൂൾ തുറക്കുംവേളയിലെ ഈ പ്രചാരണ പരിപാടികൾ.
കർവ, മാൾ ഓഫ് ഖത്തർ എന്നിവരുടെ സഹകരണവുമുണ്ട്. സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികളെ പാഠ്യപ്രവൃത്തിയിലേക്ക് ആകർഷിക്കാനും, മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാനുമെല്ലാം ലക്ഷ്യമിട്ടാണ് സ്കൂളിലേക്ക് വരവേറ്റ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. നിരവധി പ്രവർത്തനങ്ങളും പ്രചാരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
ഭാഷാജ്ഞാനം മെച്ചപ്പെടുത്താൻ ‘റീഡ് മൈ സ്റ്റോറി’വിവിധ വിഷയങ്ങളിലെ അറിവുകൾ വികസിപ്പിക്കാനുള്ള ചോദ്യോത്തരങ്ങൾ എന്നിവയും ഉൾപ്പെടുന്നു. സ്പോർട്സ്, ഫിസിക്കൽ ആക്ടിവിറ്റി ട്രെയിനർമാരുടെ സാന്നിധ്യത്തിൽ വിവിധ പരിപാടികളും നടക്കും. മാൾ ഓഫ് ഖത്തർ പ്രമോഷനൽ ലോബിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി ഒമ്പത് വരെയും ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ മൂന്ന് മുതൽ എട്ട് വരെയും നടക്കും.
ദോഹ: സ്കൂൾ വിദ്യാർഥികൾക്ക് പഠനത്തിൽ പിന്തുണ ശക്തിപ്പെടുത്തുന്നതിനായി പുതിയ അധ്യയന വർഷത്തിൽ നൂതന സംവിധാനം നടപ്പാക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്കൂൾ പ്രിൻസിപ്പൽമാരെ ശാക്തീകരിക്കാനും സ്കൂൾ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കാനുമാണ് ഇതിലൂടെ പദ്ധതിയിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിൻത് അലി അൽ ജാബർ അൽ നുഐമി പറഞ്ഞു. വാർഷിക വിദ്യാഭ്യാസ ഫോറം ഉദ്ഘാടനം ചെയ്താണ് പുതിയ സംവിധാനം മന്ത്രി വിശദീകരിച്ചത്.
വിദ്യാർഥികളുടെ ശാരീരിക-മാനസിക സുരക്ഷ, സാമൂഹിക പങ്കാളിത്തം, വൈകല്യമുള്ള വിദ്യാർഥികളുടെ ശാക്തീകരണം എന്നിവയുൾപ്പെടെ കുട്ടികളുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ടുള്ള സമഗ്ര നയങ്ങൾ വികസിപ്പിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഖത്തർ ദേശീയ ദർശനരേഖ-2030 അനുസൃതമായി അധ്യാപകർക്കായുള്ള പരിശീലന പ്രോഗ്രാമും മന്ത്രി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.