ന്യൂഡൽഹി: ഇന്ത്യയിലും പുറത്തും നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്ക് രാജ്യത്ത് പ്രാക്ടിസ് ചെയ്യാൻ ഇനി പൊതുപരീക്ഷ. അവസാനവർഷ എം.ബി.ബി.എസ് പരീക്ഷക്കും പ്രാക്ടിസ് ലൈസൻസിനുമായി നാഷനൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരിൽ ഒറ്റ പരീക്ഷാസമ്പ്രദായം നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
ഇന്ത്യയിലെ എം.ബി.ബി.എസുകാർക്ക് പ്രാക്ടിസ് ലൈസൻസിന് പ്രത്യേക പരീക്ഷ എഴുതേണ്ട. അവസാന വർഷത്തെ നെക്സ്റ്റ് മതി. എന്നാൽ, വിദേശത്തു പഠിച്ച് ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യാൻ എത്തുന്ന ഡോക്ടർമാർ ‘നെക്സ്റ്റ്’ എഴുതേണ്ടിവരും. ഫലത്തിൽ, വിദേശ പഠനം നടത്തുന്നവർ ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യാൻ അവസാന വർഷ എം.ബി.ബി.എസ് പരീക്ഷക്ക് ഇരിക്കണം.
സ്വകാര്യ മെഡിക്കൽ കോളജുകളിലും കൽപിത സർവകലാശാലകളിലും ഫീസ് നിയന്ത്രണമുള്ള സീറ്റുകളുടെ എണ്ണം 40 ശതമാനത്തിൽനിന്ന് 50 ശതമാനമായി ഉയർത്തും. കോളജുകൾ ഇൗടാക്കുന്ന എല്ലാവിധ നിരക്കുകളും ഫീസിൽ ഉൾപ്പെടുത്തും.
ദേശീയ മെഡിക്കൽ കമീഷൻ ബില്ലിൽ ഇതടക്കമുള്ള ഭേദഗതികൾ ഉൾക്കൊള്ളിച്ച് പാർലമെൻറിൽ വെക്കും. മെഡിക്കൽ കമീഷൻ ബിൽ പഠിച്ച പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശം അംഗീകരിച്ചാണ് മന്ത്രിസഭ തീരുമാനം. യോഗ്യതയില്ലാത്ത മെഡിക്കൽ പ്രാക്ടീഷണർമാർക്ക് ഒരു വർഷം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യും.
പ്രാക്ടിസ് ചെയ്യുന്നതിന് ലൈസൻസിനായി പ്രത്യേക പരീക്ഷ എഴുതുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് മെഡിക്കൽ വിദ്യാർഥികൾ നിരന്തരം ആവശ്യപ്പെട്ടു വരുകയായിരുന്നു. രാജ്യത്ത് എല്ലായിടത്തും ബാധകമായ വിധത്തിൽ ഫൈനൽ എം.ബി.ബി.എസ് പരീക്ഷ പൊതുപരീക്ഷയായി നടത്തും. ഇൗ പരീക്ഷ എക്സിറ്റ് ടെസ്റ്റ് അഥവാ നാഷനൽ എക്സിറ്റ് ടെസ്റ്റുകൂടിയായിരിക്കും -സർക്കാർ വിശദീകരിച്ചു.
ഹോമിയോപ്പതി, ആയുർവേദ, യൂനാനി, സിദ്ധ ഡോക്ടർമാർക്ക് അലോപ്പതി പ്രാക്ടിസ് ചെയ്യാൻ വ്യവസ്ഥചെയ്യുന്ന ബ്രിഡ്ജ് കോഴ്സ് നിർദേശം നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. ഗ്രാമീണ മേഖലകളിൽ പ്രാഥമികാരോഗ്യ പരിചരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാറുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ദേശീയ മെഡിക്കൽ കമീഷനിലെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ പ്രാതിനിധ്യം മൂന്നിൽനിന്ന് ആറായി ഉയർത്തി. 25 പേർ ഉൾപ്പെട്ടതാണ് കമീഷൻ. ഇതിൽ ചുരുങ്ങിയത് 21 പേർ ഡോക്ടർമാരായിരിക്കണം.
ചട്ടങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളജുകൾക്ക് പിഴ ചുമത്തുന്ന സമ്പ്രദായത്തിൽ മാറ്റം വരുത്തും. താക്കീത്, പിഴ, സീറ്റെണ്ണം കുറക്കൽ, അഡ്മിഷൻ നിർത്തിവെക്കൽ, അംഗീകാരം റദ്ദാക്കൽ എന്ന ക്രമത്തിൽ പടിപടിയായി പിഴ നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.