ന്യൂഡൽഹി: യു.ജി, പി.ജി ഒന്നാം വർഷ കോഴ്സുകൾക്കുള്ള പുതിയ അക്കാദമിക കലണ്ടറിന് യു.ജി.സി(യുനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ) അംഗീകാരം നൽകി. മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവധി ദിനങ്ങളും ഇടവേളകളും വെട്ടിക്കുറക്കുകയും ആഴ്ചയിലെ പ്രവൃത്തി ദിനങ്ങൾ ആറ് ദിവസമാക്കുകയും ചെയ്തിട്ടുണ്ട്. നഷ്ടപ്പെട്ട പഠന സമയങ്ങൾ നികത്തുന്നതിനാണ് പുതിയ നടപടി.
ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസുകൾ നവംബർ മുതൽ തുടങ്ങും. നവംബർ 30ന് ശേഷം പുതിയ അഡ്മിഷനുകൾ അനുവദിക്കില്ല.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് യു.ജി.സി പുതുക്കിയ അക്കാദമിക കലണ്ടറിന് അനുമതി നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 29ന് യു.ജി.സി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബദൽ അക്കാദമിക കലണ്ടർ പുറത്തിറക്കിയിരുന്നു. സർവകലാശാലകൾ അവസാന വർഷ/ ടെർമിനൽ സെമസ്റ്റർ പരീക്ഷ ജൂലൈ ഒന്നിനും 15നും ഇടയിൽ നടത്തണമെന്നും ഫലം മാസാവസാനം പ്രഖ്യാപിക്കണമെന്നും അതിൽ നിർദേശിച്ചിരുന്നു.
അതേസമയം, ലോക്ഡൗൺ മൂലവും മറ്റും രക്ഷിതാക്കൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പരാധീനതകൾ ഒഴിവാക്കാനായി നവംബർ 30 വരെ അഡ്മിഷൻ റദ്ദാക്കുകയോ മൈഗ്രേറ്റ് ചെയ്യുകയോ ചെയ്താൽ പ്രത്യേക കേസായി പരിഗണിച്ച് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.