ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയും ബോഷ് ഗ്ലോബൽ സോഫ്റ്റ്‌വെയർ ടെക്നോളജീസും സംയുക്തമായി വർക്കിങ് പ്രഫഷനലുകൾക്കായി ഇലക്ട്രിക് വെഹിക്കിൾ എൻജിനീയറിങ്ങിൽ പുതിയ എം.ടെക് പ്രോഗ്രാം തുടങ്ങുന്നു. വ്യവസായ-അക്കാദമിക സഹകരണത്തിൽ ഒരു പുതിയ പാത വെട്ടിത്തുറക്കുന്ന ഈ നൂതന സംരംഭത്തിനായി എൻ.ഐ.ടിയും ബോഷ് ടെക്നോളജിയും ധാരണപത്രം ഒപ്പിട്ടു.
ഇലക്ട്രിക്കൽ വെഹിക്കിൾ ടെക്‌നോളജിയിൽ രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഇൻഡസ്ട്രി സ്പോൺസേഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമാണിത്. ഇലക്ട്രിക് വാഹന ഉൽപന്ന വികസനത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ വൈദഗ്ധ്യം നേടിയെടുക്കാൻ രൂപകൽപന ചെയ്തതാണ് പുതിയ എം.ടെക് പ്രോഗ്രാം.
പ്രോഗ്രാമിലെ എല്ലാ വിഷയങ്ങൾക്കും ഒരു വ്യവസായ കേസ് പഠനവും തുടർന്ന് ഇൻഡസ്ട്രി പ്രോജക്ടും ഉണ്ടായിരിക്കും. വെഹിക്കിൾ സിസ്റ്റം എൻജിനീയറിങ്, എനർജി സ്റ്റോറേജ്, ചാർജിങ് സിസ്റ്റങ്ങൾക്കുപുറമെ പവർ ട്രെയിൻ, പവർ ഇലക്ട്രോണിക്സ്, ഇലക്ട്രിക് മെഷീൻ എന്നിവയിൽ വിപുലമായ വിഷയങ്ങൾ കോഴ്സിലുണ്ട്. ഡേറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ.ഒ.ടി തുടങ്ങിയ വിഷയങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങൾക്കായി ഡിജിറ്റൽ എൻജിനീയറിങ്ങിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഈ പ്രോഗ്രാമിനായി ബി.ജി.എസ്.ഡബ്ല്യു അവരുടെ ജീവനക്കാർക്കായി എല്ലാ വർഷവും സീറ്റുകളുടെ ഒരു ഭാഗം സ്പോൺസർ ചെയ്യും. ബാക്കിയുള്ള സീറ്റുകൾ മറ്റ് വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും സ്വാശ്രയ വിഭാഗത്തിന് കീഴിലുള്ള വിദ്യാർഥികൾക്കും നൽകും. കൂടാതെ പ്രോഗ്രാമിന്റെ വ്യവസായ സെഷനുകളും ബോഷ് വളന്റിയർ ചെയ്യും.
എൻ.ഐ.ടി.സി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണയും ബി.ജി.എസ്.ഡബ്ല്യു മൊബിലിറ്റി എൻജിനീയറിങ് എക്സിക്യൂട്ടിവ് ലീഡർഷിപ് ടീം അംഗവും സീനിയർ വൈസ് പ്രസിഡന്റുമായ ആർ.കെ. ഷേണായിയും ധാരണപത്രം ഒപ്പുവെച്ചു. എൻ.ഐ.ടി എം.ടെക് പ്രോഗ്രാമിലേക്ക് വരുന്ന അധ്യയന വർഷം മുതൽ വിദ്യാർഥികളെ പ്രവേശിപ്പിക്കും.
ബോഷ് ഇലക്‌ട്രിക് വെഹിക്കിൾസ് എൻജിനീയറിങ് വൈസ് പ്രസിഡന്റ് യൂസുഫ് ഉസ്മാൻ, ലേണിങ് ആൻഡ് ഡെവലപ്‌മെന്റ് എച്ച്.ആർ ഹെഡ് മോഹൻ ബെള്ളൂർ, ഇലക്‌ട്രിക് വെഹിക്കിൾസ് വിഭാഗം മേധാവി സി.പി. സജിത്, ഇലക്‌ട്രിഫിക്കേഷൻ മേധാവി പ്രശാന്ത് പതിയിൽ, എൻ.ഐ.ടി ഡെപ്യൂട്ടി ഡയറക്ടർ പ്രഫ. പി.എസ്. സതീദേവി, ഇലക്ട്രിക്കൽ എൻജിനീയറിങ് പ്രഫ. എസ്. അശോക്, സെന്റർ ഫോർ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് റിലേഷൻസ് ചെയർമാൻ പ്രഫ. ജോസ് മാത്യു, ഇലക്ട്രിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവി ഡോ. പി. പ്രീത, എം.ടെക് ഇ.വി പ്രോഗ്രാം കോഓഡിനേറ്റർ ഡോ. കുമാരവേൽ, ഇലക്ട്രിക്കൽ എൻജിനീയറിങ് അസിസ്റ്റന്റ് പ്രഫസർ ഡോ. വി. കാർത്തികേയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.