അഗളി (പാലക്കാട്): സ്കൂളുകൾ ഓൺലൈനായി തുറന്നു പ്രവർത്തിക്കുമ്പോൾ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ പഠന സൗകര്യമെത്തിയിട്ടില്ല. പുതൂർ ഗ്രാമപഞ്ചായത്തിൽ പ്രാക്തന ഗോത്ര വിഭാഗമായ കുറുംബർ താമസിച്ചു വരുന്ന മേഖലകളിലാണ് പഠനത്തിന് പ്രതിസന്ധി. സ്കൂൾ തുറക്കുന്നതിന് മുമ്പായി വേണ്ടത്ര ക്രമീകരണങ്ങൾ അധികൃതർ നടപ്പാക്കാത്തതാണ് ഇവിടുത്തെ വിദ്യാർഥികൾക്ക് പഠനം അന്യമാകാൻ ഇടവരുത്തിയത്.
19 ആദിവാസി ഊരുകളാണ് കുറുംബ മേഖലയിലുള്ളത്. ഇതിൽ കൂടുതൽ ഇടങ്ങളിലും കഴിഞ്ഞ വർഷം സന്നദ്ധ സംഘടനകളുടെയും ഐ.ടി.ഡി.പിയുടെയും ശ്രമഫലമായി കുട്ടികളുടെ പഠനത്തിനായി ടെലിവിഷൻ അടക്കമുളള സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ, നിലവിൽ പലയിടങ്ങളിലും ഇവ തകരാറിലാണ്.
വൈദ്യുതിയും ഇൻറർനെറ്റും കടന്നുചെല്ലാത്ത മേഖല ആയതിനാൽ ഡിഷ് ആൻറിനയും സോളാർ പാനലും ഒരുക്കിയാണ് ടി.വി പ്രവർത്തിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ പാഠ്യകാലം കഴിഞ്ഞതോടെ റീചാർജ് ചെയ്യാത്തത് കാരണം നിലവിൽ ടി.വികൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഉപകരണങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിച്ചിട്ടില്ല.
കാലപ്പഴക്കത്തിൽ ബാക്ടറികൾ ബൂസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇതെല്ലാം ചെയ്യേണ്ടത് ഐ.ടി.ഡി.പി ആണെന്നിരിക്കെ അധികൃതരുടെ മെല്ലെപ്പോക്കിനെതിരെ പ്രതിഷേധമുയരുകയാണ്. ഊരുകളിൽ കുട്ടികൾക്ക് സഹായകമാകേണ്ട ഓൺലൈൻ ഫെസിലിറ്റേറ്റർമാർ പല ഊരുകളിലും ഇല്ല. ഇവരെ പുനർവിന്യസിക്കേണ്ട ജോലിയും എങ്ങുമെത്തിയിട്ടില്ല. ചിണ്ടക്കി കേന്ദ്രീകരിച്ച് മൊബൈൽ ടവർ സ്ഥാപിക്കണമെന്ന ഊരുവാസികളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല.
മൊബൈൽ ടവർ സ്ഥാപിതമായാൽ ആനവായ്, ഗലസി, സൈലൻറ്വാലി മേഖലകളിൽ ഇൻറർനെറ്റ് സൗകര്യം സാധ്യമാകും. കുറുംബ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള നടപടികളും ഉണ്ടാകേണ്ടതുണ്ട്. സൈലൻറ്വാലി കരുതൽ മേഖല ആയതിനാൽ ഭൂമിക്ക് അടിയിലൂടെ കേബിൾ വഴി ഇവിടേക്ക് വൈദ്യുതി എത്തിക്കണമെന്നാണ് ആവശ്യമുയരുന്നത്. പഠന സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചിണ്ടക്കിയിൽ വിദ്യാർഥികൾ തിങ്കളാഴ്ച തങ്ങളുടെ ഊരിനു മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.