തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ആകെ 4,71,849 അപേക്ഷകരിൽ 2,38,150 പേർക്ക് അലോട്ട്മെന്‍റ് ലഭിച്ചു.
മെറിറ്റ് സീറ്റുകളിൽ അവശേഷിക്കുന്നത് 59,616 എണ്ണമാണ്. ഹൈകോടതി ഉത്തരവിനെ തുടർന്ന് ട്രയൽ അലോട്ട്മെൻറിൽ ഉൾപ്പെടുത്തിയ മുന്നാക്ക സമുദായ മാനേജ്മെൻറിനു കീഴിലുള്ള സ്കൂളുകളിലെ 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് ഒഴിവാക്കിയാണ് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. ഇതോടെ, ഏകജാലക പ്രവേശനത്തിന് ലഭ്യമായ മെറിറ്റ് സീറ്റുകളുടെ എണ്ണം 2,97,766 ആയി കുറഞ്ഞു.
അലോട്ട്മെന്‍റ് ലഭിച്ചവർക്ക് വെള്ളിയാഴ്ച രാവിലെ 11 മുതൽ 10ന് വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളിൽ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനം നേടാം. www.admission.dge.kerala.gov.in എന്ന പ്രവേശന ഗേറ്റ്വേയിൽ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശന പോർട്ടലിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെൻറ് ഫലം പരിശോധിക്കാം. ലിങ്കിൽനിന്ന് ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ സഹിതം പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽനിന്ന് പ്രിൻറ് എടുത്ത് നൽകും. സ്പോർട്സ് ക്വോട്ട അലോട്ട്മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള അലോട്ട്മെന്‍റും പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർക്ക് വെള്ളിയാഴ്ച രാവിലെ 10 മുതൽ പത്തിന് വൈകീട്ട് നാലുവരെ സ്കൂളുകളിൽ പ്രവേശനം നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.