തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകി റൊക്കോഡിട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അവകാശവാദത്തിനിടയിലും മലബാർ ജില്ലകളിൽ സീറ്റ് ലഭിക്കാതെ 21,640 പേർ ഓപൺ സ്കൂളിൽ (സ്കോൾ കേരള) ചേർന്നു. ഇതുവരെ ഓപൺ സ്കൂളിൽ 26,608 പേർ പ്രവേശനം നേടിയതിൽ 81.32 ശതമാനവും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നാണ്. ഇതിൽ 11,872 പേരും മലപ്പുറത്തുനിന്നാണ്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പ്ലസ് വൺ പ്രവേശനം നേടിയതെന്ന് അവകാശപ്പെടുന്ന മന്ത്രി സീറ്റില്ലാതെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഓപൺ സ്കൂളിൽ ചേർന്നതും മലപ്പുറത്താണെന്ന കണക്ക് അറിയാതെ പോയി. ഒക്ടോബർ 20 വരെ പിഴയില്ലാതെ പ്രവേശനം നേടാവുന്ന ഓപൺ സ്കൂളിൽ രജിസ്റ്റർ ചെയ്തതിൽ 44.61 ശതമാനം പേരും മലപ്പുറം ജില്ലയിൽ നിന്നാണ്.
പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ഇത്തവണ ആദ്യഘട്ടത്തിൽ അപേക്ഷിച്ചത് 4,71,039 പേരായിരുന്നു. ഇതിൽ 80,006 പേർ മലപ്പുറം ജില്ലയിൽ നിന്നായിരുന്നു. നടപടി പൂർത്തിയായപ്പോൾ ഫീസ് നൽകി പഠിക്കേണ്ട അൺ എയ്ഡഡ് സ്കൂളിൽ ഉൾപ്പെടെ മലപ്പുറത്ത് 62,729 പേർക്കാണ് പ്രവേശനം ലഭിച്ചത്. വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ സാധ്യതകൾ കൂടി വിദ്യാർഥികൾ ഉപയോഗിച്ചു.
എന്നിട്ടും ഉപരിപഠന സാധ്യതയില്ലാതെ പോയവരാണ് ഓപൺ സ്കൂളിൽ ചേർന്നത്. ഇതിൽ നേരിയ ശതമാനം സ്വകാര്യ എൻട്രൻസ് പരിശീലന സ്ഥാപനങ്ങളിൽ പ്രവേശനം നേടി പ്ലസ് വൺ പഠനം ഓപൺ സ്കൂൾ വഴിയാക്കിയവരാണ്. ഇവരെ മാറ്റിനിർത്തിയാൽതന്നെ മലപ്പുറത്ത് പതിനായിരത്തോളം വിദ്യാർഥികൾ സൗകര്യപ്രദമായ സ്കൂളിൽ പ്രവേശനം ലഭിക്കാതെ ഓപൺ സ്കൂളിൽ ചേർന്നവരാണ്.
ഓപൺ സ്കൂളിൽ പ്രവേശനം നേടിയവർ
തിരുവനന്തപുരം 390
കൊല്ലം 618
പത്തനംതിട്ട 39
ആലപ്പുഴ 1068
കോട്ടയം 231
ഇടുക്കി 291
എറണാകുളം 931
തൃശൂർ 1400
പാലക്കാട് 4028
മലപ്പുറം 11872
കോഴിക്കോട് 2682
വയനാട് 435
കണ്ണൂർ 1447
കാസർകോട് 1176
രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് മലപ്പുറത്തുനിന്ന് അപേക്ഷിച്ച 5366 ൽ 1445 പേർക്കാണ് അലോട്ട്മെൻറ് ലഭിച്ചത്. ഏറ്റവും അവസാനഘട്ടം വരെ അപേക്ഷ പുതുക്കി പ്രവേശന വഴി തേടിയ നാലായിരം വിദ്യാർഥികൾ മലപ്പുറത്ത് മാത്രമുണ്ടായിരുന്നു. ഇവരുടെ ഉപരിപഠനത്തിൽ സർക്കാറും മന്ത്രിയും മൗനത്തിലായിരുന്നു. ഇവർ എവിടെ പ്രവേശനം നേടിയെന്ന പരിശോധന പോലും വിദ്യാഭ്യാസ വകുപ്പ് നടത്തിയില്ല. ഒടുവിൽ പ്രവേശനം ലഭിക്കാത്തവരുടെ കണക്ക് മറച്ചുവെച്ച് റൊക്കോഡ് പ്രവേശനത്തിന്റെ അവകാശവാദവുമായി മന്ത്രി എത്തുകയായിരുന്നു.
ശാസ്ത്രീയ പരിശോധന ഉറപ്പും പാഴ്വാക്കായി
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന മന്ത്രിയുടെ ഉറപ്പും പാഴ്വാക്കായി. മലപ്പുറം ജില്ലയിലെ സീറ്റ് ക്ഷാമത്തെക്കുറിച്ച് ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ നിയമസഭ സമ്മേളനം നടക്കുന്നതിനിടെ ആഗസ്റ്റ് 24ന് മന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് പ്രത്യേക സമിതി രൂപവത്കരിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയത്.
പ്രവേശന നടപടി പൂർത്തിയായപ്പോൾ പരിശോധനക്ക് തയാറാകാതെ പ്രവേശനത്തിലെ റൊക്കോഡ് കണക്കാണ് മന്ത്രിയുടെ പേരിൽ പ്രസ്താവനയായി ഓഫിസ് പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിൽ ഉൾപ്പെടെ അൺ എയ്ഡഡ് സ്കൂളുകളിൽ ഒഴിവുള്ള സീറ്റും ചൂണ്ടിക്കാണിച്ച് അപേക്ഷിച്ചവർക്കെല്ലാം സീറ്റ് ലഭ്യമാക്കി എന്ന കണക്കാണ് മന്ത്രി ഓഫിസ് നിരത്തുന്നത്. ഉയർന്ന ഫീസ് നൽകി പഠിക്കണമെന്നതിനാൽ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ അൺ എയ്ഡഡ് സ്കൂളുകളിൽ വർഷങ്ങളായി സീറ്റ് ഒഴിഞ്ഞുകിടക്കാറാണ് പതിവ്.
പ്രവേശനം നേടിയ വിദ്യാർഥികൾ അവസാനഘട്ടത്തിൽ ജില്ലക്ക് പുറത്തേക്ക് ട്രാൻസ്ഫർ വാങ്ങി പോയതുവഴിയും മലയോര, തീരദേശ മേഖലകളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നതുവഴിയുമുള്ള ചുരുക്കം സീറ്റുകൾ ചൂണ്ടിക്കാട്ടിയാണ് എല്ലാവർക്കും സീറ്റ് ലഭിച്ചെന്ന് സർക്കാർ അവകാശപ്പെടുന്നത്. താലൂക്ക് അടിസ്ഥാനത്തിൽ പ്ലസ് വൺ അപേക്ഷകരുടെ എണ്ണവും സീറ്റും വിശകലനം ചെയ്താൽ സീറ്റ് ക്ഷാമത്തിന്റെ യഥാർഥ ചിത്രം പുറത്തുവരുമെന്നിരിക്കെയാണ് അതിൽ നിന്ന് സർക്കാർ പിറകോട്ടടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.