തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് 10 ശതമാനം മുന്നാക്ക സമുദായ ക്വോട്ട സീറ്റ് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സർക്കാറും അപ്പീലിന്. ഇതിനു മുന്നോടിയായി അഡ്വക്കറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചു. വിധിക്കെതിരെ എൻ.എസ്.എസ് ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതോടെ സമുദായ/ മാനേജ്മെൻറ് ക്വോട്ടയിൽനിന്ന് സ്റ്റേറ്റ് മെറിറ്റിലേക്ക് ലയിപ്പിച്ച 307 എയ്ഡഡ് സ്കൂളുകളിലെ 6715 സീറ്റുകൾ മാറ്റിവെച്ച് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇത്രയും സീറ്റുകൾ മാറ്റിവെക്കുന്നതോടെ ട്രയൽ അലോട്ട്മെൻറിൽ പ്രവേശന സാധ്യത തെളിഞ്ഞ ആയിരക്കണക്കിന് വിദ്യാർഥികൾ ആദ്യ അലോട്ട്മെൻറിൽനിന്ന് പുറത്താകും.
മാറ്റിവെക്കുന്ന സീറ്റുകൾ കോടതി വിധിക്കനുസൃതമായി തുടർന്നുള്ള അലോട്ട്മെൻറ് ഘട്ടങ്ങളിൽ ചേർത്തുനൽകാനാണ് തീരുമാനം. ട്രയൽ അലോട്ട്മെൻറ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുകയും ആദ്യ അലോട്ട്മെൻറ് ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കാനിരിക്കെയുമാണ് അപ്പീലുമായി കോടതിയെ സമീപിക്കുന്നത്.
മുന്നാക്ക സമുദായ മാനേജ്മെൻറുകൾക്ക് കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് 20 ശതമാനം മാനേജ്മെൻറ് ക്വോട്ടക്ക് പുറമെ 10 ശതമാനം സീറ്റ് ബന്ധപ്പെട്ട സമുദായത്തിലെ കുട്ടികൾക്ക് പ്രവേശനത്തിന് കമ്യൂണിറ്റി ക്വോട്ടയും അനുവദിച്ചിരുന്നു. സമുദായ ഇതര സ്വതന്ത്ര മാനേജ്മെൻറുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ 30 ശതമാനം മാനേജ്മെൻറ് ക്വോട്ട സീറ്റ് 20 ശതമാനമാക്കുകയും 10 ശതമാനം ഒാപൺ മെറിറ്റിൽ ലയിപ്പിച്ചും സർക്കാർ ഉത്തരവിറക്കിയിരുന്നു. മാനേജ്മെൻറ് ക്വോട്ടയിലെ സീറ്റ് 30 ശതമാനമാക്കി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമുദായ ഇതര സ്വതന്ത്ര മാനേജ്മെൻറുകൾ ഹൈകോടതിയെ സമീപിച്ചു. ഇവരുടെ ആവശ്യം തള്ളിയ ഹൈകോടതി മുന്നാക്ക മാനേജ്മെൻറ് സ്കൂളുകളിൽ 20 ശതമാനം മാനേജ്മെൻറ് ക്വോട്ടക്ക് പുറമെ നൽകിയ 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് കൂടി റദ്ദാക്കാനും ഇത് ഒാപൺ മെറിറ്റിൽ ലയിപ്പിക്കാനും ഉത്തവിട്ടു. ഇതിനെതിരെയാണ് എൻ.എസ്.എസ് കോടതിയെ സമീപിച്ചത്. മുന്നാക്ക സമുദായ മാനേജ്മെന്‍റ് സ്കൂളുകളിൽ 10 ശതമാനം കമ്യൂണിറ്റി ക്വോട്ട അനുവദിക്കാനുള്ള സർക്കാർ തീരുമാനമാണ് കോടതി റദ്ദാക്കിയതെന്ന നിലപാടിലാണ് സർക്കാറും അപ്പീലിലേക്ക് പോകുന്നത്. അതേസമയം, കോടതി വിധി പ്രകാരം 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് കൂടി ചേർത്താണ് വെള്ളിയാഴ്ച ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. 2,42,809 സീറ്റുകളിലേക്കുള്ള പ്രവേശന സാധ്യതയാണ് ട്രയൽ ഘട്ടത്തിൽ പ്രസിദ്ധീകരിച്ചത്. സ്വതന്ത്ര മാനേജ്മെൻറുകളിൽ നിന്നുള്ള 10 ശതമാനം മാനേജ്മെൻറ് ക്വോട്ടയും മുന്നാക്ക സമുദായ മാനേജ്മെൻറുകളിൽനിന്നുള്ള 10 ശതമാനം കമ്യൂണിറ്റി ക്വോട്ടയും ചേർത്ത് 6715 സീറ്റുകളാണ് ഓപൺ മെറിറ്റിലേക്ക് മാറ്റിയത്. ഇൗ സീറ്റുകൾ കൂടി പരിഗണിച്ചാണ് ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. ഇത്രയും സീറ്റുകൾ മാറ്റിവെക്കുന്നത് ഈ സീറ്റുകളിലേക്ക് ട്രയൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.