മലപ്പുറം: പ്രൈമറി സ്കൂൾ അധ്യാപക യോഗ്യത കോഴ്സായ ഡിപ്ലോമ ഇൻ എലിമെൻററി എജുക്കേഷൻ (ഡി.എൽ.എഡ്) ഒന്നാം സെമസ്റ്റർ പരീക്ഷക്ക് കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ എത്തിയ സംഭവം വിവാദമായതോടെ പരീക്ഷ വീണ്ടും നടത്തുമെന്ന് അധികൃതർ.
എന്നാൽ, അധികൃതരുടെ പിഴവിന് വീണ്ടും പരീക്ഷ എഴുതാനാവില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. ഒന്നാം സെമസ്റ്ററിലെ സൈക്കോളജി പരീക്ഷയുടെ ചോദ്യപേപ്പറാണ് അതേപടി വീണ്ടും എത്തിയത്. 2021 നവംബറിൽ നടന്ന സപ്ലിമെൻററി പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു ഇത്.
'വിദ്യാഭ്യാസ മനഃശാസ്ത്രം: സിദ്ധാന്തവും പ്രയോഗവും' എന്ന പരീക്ഷക്കാണ് പഴയ ചോദ്യപേപ്പർ അതേപടി ഉപയോഗിച്ചിരിക്കുന്നതെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു. പരീക്ഷ ഹാളിൽവച്ചു തന്നെ ചില വിദ്യാർഥികൾക്ക് സംശയം തോന്നിയിരുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം അധ്യാപകരോട് സംശയം പങ്കുവെച്ചതോടെയാണ് 2020-22 ബാച്ച് വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷക്ക് ഉപയോഗിച്ച ചോദ്യപേപ്പർ ആണെന്നുറപ്പായത്.
പരാതിയായതോടെ പരീക്ഷ വീണ്ടും നടത്തേണ്ടി വരുമെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് വിദ്യാർഥികളെ ബലിയാടാക്കുകയാണെന്നാണ് ആരോപണം. എസ്.സി.ഇ.ആർ.ടിയാണ് ചോദ്യപേപ്പറുകൾ തയാറാക്കുന്നത്. ചോദ്യങ്ങളിൽ സമാനത വരാറുണ്ടെങ്കിലും ചോദ്യപേപ്പർ തന്നെ ആവർത്തിക്കുന്നത് ആദ്യമാണെന്നാണ് ആക്ഷേപം.
സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും എസ്.സി.ഇ.ആർ.ടിയും പരീക്ഷാഭവനുമാണ് മറുപടി പറയേണ്ടതെന്നുമാണ് മലപ്പുറം ജില്ല വിദ്യാഭ്യാസ അധികാരികളുടെ വാദം. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.