തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ജനുവരി 21 മുതൽ അടയ്ക്കാനുള്ള തീരുമാനത്തോടെ 40 ലക്ഷത്തോളം വിദ്യാർഥികളുടെ പഠനം വീണ്ടും ഓൺലൈൻ/ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറും.
രണ്ടാഴ്ചത്തേക്കാണ് മാറ്റമെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയായിരിക്കും പിന്നീടുള്ള ക്ലാസുകളുടെ രീതി തീരുമാനിക്കുക. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ സംസ്ഥാന സിലബസിൽ ഏകദേശം 34 ലക്ഷത്തോളം വിദ്യാർഥികളാണ് പഠിക്കുന്നത്. സർക്കാർ ഉത്തരവ് മറ്റ് സിലബസിലുള്ള സ്കൂളുകൾക്കും ബാധകമാകും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിലുള്ള സ്കൂളുകൾ കൂടി ഓഫ്ലൈൻ ക്ലാസ് താൽക്കാലികമായി അവസാനിപ്പിക്കുന്നതോടെ വീട്ടിലിരുന്ന് പഠിക്കേണ്ടിവരുന്ന കുട്ടികളുടെ എണ്ണം ഏകദേശം 40 ലക്ഷത്തോളമായി മാറും. 2020 മാർച്ചിലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത്.
ഇതിന് ശേഷം വാർഷികപരീക്ഷകൾ നടന്നെങ്കിലും അധ്യയനത്തിനായി സ്കൂളുകൾ കഴിഞ്ഞ നവംബർ ഒന്നിനാണ് തുറന്നത്. വിദ്യാർഥികളും അധ്യാപകരും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജാഗ്രതയോടെയാണ് സ്കൂളുകളിൽ എത്തിയിരുന്നത്. മാർച്ചിലും ഏപ്രിലിലുമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള തിയതികളും തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് കോവിഡ് വ്യാപനതോത് വീണ്ടും ഉയർന്നത്.
ഇതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിയെ കണ്ട് സാഹചര്യം വിശദീകരിച്ചിരുന്നു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ, അല്ലെങ്കിൽ എൽ.പി, യു.പി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുക എന്ന നിർദേശമാണ് വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുവെച്ചത്. ഇതിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റാം എന്ന നിർദേശമാണ് അവലോകന യോഗത്തിൽ അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.