ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യത നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 2024 പരീക്ഷക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 16 മുതൽ ഏപ്രിൽ 15വരെ രജിസ്റ്റർ ചെയ്യാം. എൽ.ബി.എസ് സെന്ററിനാണ് പരീക്ഷാ ചുമതല. പരീക്ഷാതീയതി പിന്നീട് അറിയിക്കും.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. ആന്ത്രോപ്പോളജി, കോമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദമെടുത്തവർക്ക് ബി.എഡ് യോഗ്യത ആവശ്യമില്ല. അറബിക്, ഉർദു, ഹിന്ദി വിഷയങ്ങളിൽ ഡി.എൽ.എസ്/എൽ.ടി.ടി.സി യോഗ്യതയുള്ളവർക്ക് ബി.എഡ് വേണമെന്നില്ല. യോഗ്യതാ മാനദണ്ഡങ്ങൾ പ്രോസ്പെക്ടസിലുണ്ട്. പ്രായപരിധിയില്ല. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്. സെറ്റിന് രണ്ട് പേപ്പറുകളാണുള്ളത്. പൊതുവായ പേപ്പർ ഒന്നിൽ പൊതുവിജ്ഞാനവും അധ്യാപനാഭിരുചിയും അളക്കുന്ന ചോദ്യങ്ങളുണ്ടാവും. പേപ്പർ രണ്ടിൽ പി.ജി തലത്തിലുള്ള സ്പെഷലൈസേഷൻ വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുണ്ടാകും. സമയം ഓരോ പേപ്പറിനും രണ്ടുമണിക്കൂർ.
ആന്ത്രോപ്പോളജി, അറബി, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ഇസ്ലാമിക് ഹിസ്റ്ററി, ജേണലിസം, കന്നട, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, ഉർദു, സോഷ്യോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങളാണ് പേപ്പർ രണ്ടിൽ. പരീക്ഷാഘടനയും സിലബസും അടങ്ങിയ പ്രോസ്പെക്ടസും ‘സെറ്റ് ജൂലൈ 2024’ വിജ്ഞാപനവും www.lbscentre.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
പരീക്ഷാഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 500 രൂപ മതി. ഓൺലൈനായി ഏപ്രിൽ 15 വൈകീട്ട് അഞ്ചുമണി വരെ രജിസ്റ്റർ ചെയ്യാം.
പി.ഡബ്ല്യു.ഡി വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗെസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സൽ, ഒ.ബി.സി നോൺക്രീമിലെയർ വിഭാഗത്തിൽപെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസ്സൽ (2023 മാർച്ച് 17 നും 2024 ഏപ്രിൽ 15നും ഇടയിൽ ലഭിച്ചത്) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.
പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30നുമുമ്പ് തിരുവനന്തപുരം എൽ.ബി.എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം. സെറ്റിൽ യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിൽപെടുന്നവർ പേപ്പർ ഒന്നിൽ 40 ശതമാനം, പേപ്പർ രണ്ടിൽ 40 ശതമാനം, മൊത്തം 48 ശതമാനം മാർക്ക് കരസ്ഥമാക്കണം. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് യഥാക്രമം 35 ശതമാനം, 35 ശതമാനം, 45 ശതമാനം എന്നിങ്ങനെയും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് യഥാക്രമം 35 ശതമാനം, 35 ശതമാനം, 40 ശതമാനം എന്നിങ്ങനെയും മാർക്കുണ്ടാകണം. 14 ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.