ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് ജനുവരി 2024) എൽ.ബി.എസ് സെന്റർ അപേക്ഷകൾ ക്ഷണിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.lbscentre.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാതീയതിയും സമയക്രമവും പിന്നീട് അറിയിക്കും.
സെറ്റിന് രണ്ടു പേപ്പറുകളാണുള്ളത്. പൊതുവായിട്ടുള്ള ഒന്നാമത്തെ പേപ്പറിൽ പൊതുവിജ്ഞാനം, അധ്യാപന അഭിരുചി എന്നിവയിലാണ് ചോദ്യങ്ങൾ. രണ്ടാമത്തെ പേപ്പറിൽ പി.ജി തലത്തിലുള്ള അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജർമൻ, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, റഷ്യൻ, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക്, ഉർദു, സുവോളജി, ബയോ ടെക്നോളജി എന്നീ 31 വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പി.ജി തലത്തിൽ സ്പെഷലൈസ് ചെയ്ത വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിനും രണ്ടുമണിക്കൂർ വീതം അനുവദിക്കും. പരീക്ഷാഘടനയും സിലബസും പ്രോസ്പെക്ടസിലുണ്ട്. സെറ്റ് യോഗ്യത നേടുന്നതിന് ഓരോ പേപ്പറിനും ജനറൽ വിഭാഗക്കാർ 40 ശതമാനം വീതവും (മൊത്തത്തിൽ 48 ശതമാനം) ഒ.ബി.സി നോൺ ക്രീമിലെയർ 35 ശതമാനം (45 ശതമാനം), ഭിന്നശേഷിക്കാർ/എസ്.സി/എസ്.ടി 35 ശതമാനം (40 ശതമാനം) മാർക്ക് വീതവും കരസ്ഥമാക്കണം. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദവും ഏതെങ്കിലും ഡിസിപ്ലിനിൽ ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ കോമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് വിഷയങ്ങൾക്ക് ബി.എഡ് ആവശ്യമില്ല. പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷക്ക് 5 ശതമാനം മാർക്കിളവുണ്ട്. അവസാനവർഷ പി.ജി/ബി.എഡ് വിദ്യാർഥികളെയും പരിഗണിക്കും.
പരീക്ഷാഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 500രൂപ മതി. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 25ന് വൈകീട്ട് 5 മണിവരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.