മലപ്പുറം: ജില്ല വികസന സമിതി യോഗത്തിൽ പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട ചർച്ചയിൽ ബഹളവും വാക്കേറ്റവും. കലക്ടർ വി.ആർ.പ്രേംകുമാർ അധ്യക്ഷനായ യോഗത്തിൽ മന്ത്രി വി.അബ്ദുറഹ്മാനിരിക്കെ എം.എൽ.എമാർ എസ്.എസ്.എൽ.സി വിജയിച്ച കുട്ടികൾക്ക് തുടർപഠനത്തിന് സൗകര്യം കുറവാണെന്ന് ചൂണ്ടിക്കാണിച്ചതോടെയാണ് ബഹളത്തിന് തുടക്കമായത്. എം.എല്‍.എമാരായ പി. ഉബൈദുല്ല, പി. അബ്ദുല്‍ ഹമീദ്, പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍, ടി.വി ഇബ്രാഹിം, കുറുക്കോളി മൊയ്തീന്, അഡ്വ. യു.എ ലത്തീഫ്, കെ.പി.എ മജീദ് എന്നിവരാണ് തുടർപഠനത്തിലെ ആശങ്ക അറിയിച്ച് പരാതിയുമായി വന്നത്. ഇതോടെ മന്ത്രി വി.അബ്ദുറഹിമാൻ പ്രശ്നത്തിലെ നിജസ്ഥിതി വ്യക്തമാക്കാൻ ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ(ആർ.ഡി.ഡി) ഡോ.പി.എം.അനിലിനോട് ആവശ്യപ്പെട്ടു.
ജില്ലയിൽ നിലവിലെ പ്ലസ് വണിന് സീറ്റ് ക്ഷാമം നേരിടില്ലെന്നും കണക്കുകൾ പ്രകാരം ജില്ലയിൽ എല്ലാ കുട്ടികൾക്കും പഠിക്കാൻ സൗകര്യമുണ്ടെന്നും ആർ.ഡി.ഡി യോഗത്തിൽ അറിയിച്ചു. തുടർന്ന് അദ്ദേഹം ബന്ധപ്പെട്ട കണക്ക് യോഗത്തിൽ അവതരിപ്പിച്ചു. ഹയർ സെക്കൻഡറി കൂടാതെ, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് ഉൾപ്പെടെയുള്ളവയുടെ സീറ്റ് നിരത്തിയാണ് കണക്ക് അവതരിപ്പിച്ചത്. എന്നാൽ കണക്ക് അവതരിപ്പിച്ചപ്പോൾ 2,391 കുട്ടികൾക്ക് പഠിക്കാൻ അവസരമില്ലെന്ന് കണ്ടെത്തി. ഇതോടെ എം.എൽ.എ ചോദ്യങ്ങളുമായി രംഗത്ത് വന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികളുടെ കണക്ക് കൂടി കൂട്ടുമ്പോൾ കൂടുതൽ പേർക്ക് സീറ്റ് ലഭിക്കാതെ വരുമെന്നും ഇക്കാര്യം വ്യക്തമാകണമെങ്കിൽ സ്കോൾ കേരളയിലെ രജിസ്ട്രേഷൻ നോക്കിയാൽ മതിയെന്നും എം.എൽ.എമാർ അഭിപ്രായപ്പെട്ടു.
പ്ലസ് വൺ സീറ്റിനെ കുറിച്ച് തെറ്റായ കാര്യങ്ങൾ പറയുന്നത് ശരിയല്ലെന്നും യോഗത്തെ ആർ.ഡി.ഡി തെറ്റിദ്ധരിപ്പിക്കുകയാണെന്നും എം.എൽ.എമാർ ആരോപിച്ചു. ഇതോടെ ബഹളം ശക്തമായി. വിഷയത്തിൽ ഇടപ്പെട്ട മന്ത്രിക്ക് നേരെയും എം.എൽ.എമാർ പ്രതിഷേധം അറിയിച്ചു. വിദ്യാർഥികൾക്ക് പഠിക്കാൻ സീറ്റിന് അലയുമ്പോൾ ഇത്തരം തെറ്റായ കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കരുതെന്ന് എം.എൽ.എമാർ വ്യക്തമാക്കി. 15 മിനിട്ടോളം ബഹളം തുടർന്നു. ജില്ലയുടെ ആശങ്ക സർക്കാരിനെ അറിയിക്കാമെന്ന ഉറപ്പിന്മേലാണ് എം.എൽ.എമാർ ശാന്തരായത്. നിലവില്‍ ജില്ലയില്‍ നിന്നും പത്താംതരം പാസ്സായവര്‍ക്ക് ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകളുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തെ പ്ലസ്വണ് പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും പരാതികളും കൂടി പരിശോധിച്ച് ബുധനാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് മന്ത്രി വി. അബ്ദുറഹിമാന് ഹയര്‍സെക്കന്‍ഡറി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഒഴിഞ്ഞു കിടക്കുന്ന ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ കണ്ടെത്തി സീറ്റ് കുറവുള്ള ജില്ലകളിലേക്ക് മാറ്റുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
ചേളാരി ഐ.ഒ.സി ബോട്ട്ലിങ് പ്ലാന്റില്‍നിന്ന് പാചകവാതകവുമായി പോവുന്ന വാഹനങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ദുരന്തസാധ്യത മുന്നില്‍കണ്ട് ജില്ല ഭരണകൂടം ഇടപെടണമെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു. തിരൂര്‍ സബ്കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ്, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ അടങ്ങിയ സംഘം ഒരാഴ്ചക്കുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ നിര്‍ദ്ദേശം നല്കി.
സ്കൂള്‍ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെ എട്ട് മുതല്‍ 10 വരെയും ക്ലാസുകള്‍ അവസാനിക്കുന്ന നാല് മുതല്‍ ആറ് വരെയും ടിപ്പറുകള്‍ ഓടരുതെന്ന ഉത്തരവ് പാലിക്കുന്നുണ്ടെന്ന കാര്യം പൊലീസും ഗതാഗത വകുപ്പും ഉറപ്പാക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. വികസന സമിതി യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കരുതെന്ന് യു.എ.ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
താലൂക്ക് തലങ്ങളില്‍ നടന്ന ‘കരുതലും കൈത്താങ്ങും’പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച അപേക്ഷകളില്‍ ജൂണ്‍ 30 നുള്ളില്‍ നടപടി എടുത്ത് റിപ്പോര്‍ട്ട് കൈമാറണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്കി. തദ്ദേശ വകുപ്പ്, സിവില്‍ സപ്ലൈസ്, കെ.എസ്.ഇ.ബി, വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചതില്‍ ഏറെയും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ ബന്ധപ്പെട്ട താലൂക്ക് ചാര്‍ജ് ഓഫീസര്‍മാരും അടിയന്തരമായി നടപടികള്‍ സ്വീകരിക്കണം.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാലയ പരിസരങ്ങളിലും മറ്റും ലഹരി ഉപയോഗം കണ്ടെത്താന്‍ പൊലീസും എക്സൈസും സംയുക്തമായി റെയ്ഡുകള്‍ നടത്തണം. 2022 നവംബര്‍ ഒന്നു മുതല്‍ 2023 മെയ് 30 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 12,200 ലേറെ ഇ-പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വില്ലേജ്തല ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ചേരുന്നതിനും അതത് പ്രദേശത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്നതും പഞ്ചായത്ത് തലത്തില്‍ വാങ്ങാവുന്നതുമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും നടപടികള്‍ സ്വീകരിച്ചതായും ജില്ല കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ദേശീയപാത 66 വികസനം നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂണ്‍ 14 ന് ഉച്ചക്ക് 12.30 ന് കലക്ടറേറ്റില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. സർവിസ് റോഡുകളുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ സുരക്ഷാ പ്രശ്നങ്ങള്‍, രണ്ടത്താണി, ഇരുമ്പുചോല, കോഹിനൂര്‍ പ്രദേശങ്ങളിലെ അടിപ്പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.