ശ്രീകണ്ഠപുരം: ചെങ്ങളായി മുക്കാടത്തെ ‘തണൽ’ വീട്ടിൽ വീണ്ടും റാങ്ക് തിളക്കം. അന്ന് ഉമ്മയാണ് റാങ്ക് നേട്ടം സ്വന്തമാക്കിയതെങ്കിൽ വർഷങ്ങൾക്കിപ്പുറം മകളും റാങ്ക് നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല ബി.എ ഇക്കണോമിക്സ് പരീക്ഷഫലം വന്നപ്പോഴാണ് ചെങ്ങളായിലെ പി.പി ഷഹാന മൂന്നാം റാങ്ക് കരസ്ഥമാക്കിയത്.
2001 ൽ എം.എസ്.സി ഫിസിക്സിലാണ് ഷഹാനയുടെ മാതാവ് ചപ്പാരപ്പടവ് സ്വദേശിനി പി.പി റഷീദ രണ്ടാം റാങ്ക് നേടി താരമായിരുന്നത്. റാങ്കുകാരിയുടെ മകളായതുകൊണ്ട് ഷഹാനയും റാങ്ക് നേടണമെന്ന് അറിയുന്ന അധ്യാപകർ തമാശരൂപേണ പറഞ്ഞത് യാഥാർഥ്യമാവുകയും ചെയ്തു. ഇക്കണോമിക്സിൽ തന്നെ ഡോക്ടറേറ്റ് നേടാനും കോളജ് ലെക്ചറാകാനുമാണ് ഷഹാനയുടെ ആഗ്രഹം.
പഴയ റാങ്കുകാരിയായ ഉമ്മ റഷീദ ഇപ്പോൾ മലപ്പട്ടം എ.കെ.എസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപികയാണ്. ചെങ്ങളായി മാപ്പിള എൽ.പി സ്കൂൾ അധ്യാപകൻ എം.പി.എം അഷ്റഫാണ് ഷഹാനയുടെ പിതാവ്. സഹോദരി ഷൻസ ഇത്തവണത്തെ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ഷഹാനയുടെ റാങ്ക് നേട്ടത്തിൽ കുടുംബമാകെ ആഹ്ലാദത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.