സൈനിക സേവനത്തിന് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അഗ്നിപഥ് എന്ന പദ്ധതിയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇടക്കാല സേവന മാതൃകയിൽ നാലു വർഷത്തെ സൈനിക സേവനമാണിത്.

പദ്ധതി പ്രഖ്യാപിച്ച പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പുതിയ തീരുമാനം ചരിത്രം രചിക്കുമെന്ന് പറഞ്ഞു. പദ്ധതി പ്രഖ്യാപനത്തിൽ കരസേന, നാവികസേന, വ്യോമസേന മേധാവികൾ സന്നിഹിതരായിരുന്നു.

അഗ്നിപഥ് പദ്ധതി പ്രകാരം 17.5 വയസിനും 21 വയസിനും ഇടയിലുളള 45,000 ഓളം പേർക്ക് നാലു വർഷത്തേക്ക് സർവീസിൽ പ്രവേശിക്കാം. അടുത്ത 90 ദിവസത്തിനുള്ളിൽ ആദ്യ റിക്രൂട്ട്മെന്റ് ആരംഭിക്കും. ആദ്യ ബാച്ച് 2013 ഓടു കൂടി തയാറാകുമെന്നും മന്ത്രി അറിയിച്ചു.

പദ്ധതി വഴി തെരഞ്ഞെടുക്കപ്പെടുന്നവർ അഗ്നിവീർ എന്നറിയപ്പെടും. കേന്ദ്രീകൃത ഓൺലൈൻ സംവിധാനം വഴിയാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കുക. അഗ്നിവീരരുടെ വിദ്യാഭ്യാസ യോഗ്യത സാധാരണ സോനാംഗങ്ങളുടെത് തന്നെയാകും. അഗ്നിപഥ് പദ്ധതി വഴി സ്ത്രീകൾക്കും സേനയിൽ അംഗമാകാമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു.

ആറ് മാസത്തെ പരിശീലനം കൂടി ഉൾക്കൊള്ളുന്നതാണ് നാലു വർഷ സർവീസ്. ഇൗ കാലഘട്ടത്തിൽ മാസം 30,000-40,000 രൂപ ശമ്പളവും അലവൻസും ലഭിക്കും. മെഡിക്കൽ -ഇൻഷുറൻസും പരിരക്ഷ ഉണ്ടാകും. നാലു വർഷങ്ങൾക്ക് ശേഷം ഈ​ സേനാംഗങ്ങളിൽ 25 ശതമാനം പേർക്ക് സാധാരണ സേനാംഗായി തുടരാം. ഇവർക്ക് 15 വർഷത്തെ സർവീസുണ്ടാകും.

ബാക്കിയുള്ളവർ സർവീസിൽ നിന്ന് വിട്ടുപോരണം. 11 ലക്ഷം-12 ലക്ഷം രൂപയുടെ പാക്കേജാണ് സർവീസ് വിടുന്നവർക്ക് നൽകുക. എന്നാൽ ഇവർ പെൻഷന് അർഹരായിരിക്കില്ല. ഡ്യൂട്ടിക്കിടെ മരണമോ അംഗവൈക​ല്യമോ സംഭവിച്ചാൽ അതിനായി വേറെ വ്യവസ്ഥകൾ ഉണ്ടെന്നും സേന അറിയിച്ചു.

പുതിയ പദ്ധതി വഴി ശമ്പളം, പെൻഷൻ എന്നിവക്കുള്ള വിഹിതം കുറക്കാനും അതുവഴി ലഭ്യമാകുന്ന ഫണ്ടുകൾ അടിയന്തരമായി ആയുധങ്ങൾ വാ​ങ്ങേണ്ടി വരുമ്പോൾ ഉപയോഗിക്കാനുമാണ് തീരുമാനം.

Tags:    
News Summary - The Central Government has announced the Agnipath project for military service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.