തൃശൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ വർഷം പുതിയ കോഴ്സുകൾ അനുവദിക്കേണ്ടെന്ന് സർക്കാർ തീരുമാനം. അനുവദിക്കേണ്ട കോഴ്സുകൾ അറിയിക്കാൻ കോളജുകളോട് ആവശ്യപ്പെട്ട ഉത്തരവിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പുതിയ കോഴ്സുകൾ തുടങ്ങേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു 'മാധ്യമ'ത്തോട് പറഞ്ഞു. ഈ മാസം ആറിനാണ് ബിരുദ, ബിരുദാനന്തര ബിരുദ മേഖലയിൽ രണ്ട് വീതം കോഴ്സുകൾ തുടങ്ങാൻ എയ്ഡഡ് കോളജുകൾക്ക് കോഴ്സുകളുടെ പട്ടിക സഹിതം നൽകിയത്.
പുതുതലമുറ വിഷയങ്ങളടക്കം 18 പി.ജി കോഴ്സുകളുടെയും 50 ബിരുദ കോഴ്സുകളുടെയും പട്ടികയായിരുന്നു സമർപ്പിച്ചത്. ഈ മാസം 22നകം കോളജുകളിൽനിന്ന് ലിസ്റ്റ് സമാഹരിക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകി ദിവസങ്ങൾക്കകം തന്നെയാണ് മരവിപ്പിക്കൽ തീരുമാനം വന്നിരിക്കുന്നത്. പുതിയ കോഴ്സുകളിൽ മലയാളത്തിന് കോഴ്സുകൾ അനുവദിക്കാത്തതിനെത്തുടർന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് തീരുമാനം.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാലോചിത പരിഷ്കാരത്തിന് നിശ്ചയിച്ച മൂന്ന് കമീഷനുകൾ പുതുകോഴ്സുകൾ അനുവദിക്കുന്നത് ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കാലാനുസൃത കോഴ്സുകളുടെ പരിഷ്കരണവും ഘടനയും ഇവർ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. അടുത്തയാഴ്ച ശിൽപശാലകൾ നടക്കും. ഇപ്പോൾ പുറത്തിറക്കിയ പുതുകോഴ്സുകളുടെ ലിസ്റ്റ് കഴിഞ്ഞ വർഷം വിദഗ്ധ സമിതി കണ്ടെത്തിയ പരിഷ്കരണങ്ങളുടെ തുടർച്ചയാണ്. അതിൽ സാമ്പ്രദായിക കോഴ്സുകൾ സൂക്ഷ്മ പഠനത്തിന് ശേഷം അനുവദിച്ചാൽ മതി എന്നാണ് നിലപാട്. അതിെൻറ മാതൃകയിലാണ് ഇത്തവണ കോളജുകൾക്ക് നിർദേശം പോയതെന്ന് മന്ത്രി വ്യക്തമാക്കി. മലയാള പഠനം പുറത്താവാൻ കാരണമിതാവാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.