തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ അടുത്തിരിക്കെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന സ്പെഷൽ എജുക്കേറ്റർമാർക്ക് നാലുദിന പരിശീലനം നൽകാനുള്ള നീക്കത്തിനെതിരെ ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ രംഗത്ത്. ഫെബ്രുവരി 22 മുതൽ 3000ത്തിലധികം അധ്യാപകർക്ക് പരിശീലനം നൽകാനാണ് എസ്.എസ്.കെ തീരുമാനം. എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ നടന്നുവരുകയാണ്. ഫെബ്രുവരി 27ന് എസ്.എസ്.എൽ.സി മോഡൽ പരീക്ഷ തുടങ്ങും.
മാർച്ച് ഒമ്പതിന് എസ്.എസ്.എൽ.സി പരീക്ഷക്കും തുടക്കമാകും. വിവിധ ജില്ലകളിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് മുന്നോടിയായി കുട്ടികളുടെ പഠന വൈകല്യ നിർണയ ക്യാമ്പുകളും നടന്നുവരുകയാണ്. ഇതിനിടെ, അധ്യാപകർക്ക് പരിശീലനം നൽകുന്നത് ഭിന്നശേഷി കുട്ടികൾക്ക് ദുരിതമാകുമെന്ന് രക്ഷാകർത്താക്കൾ പറയുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് അധ്യാപക പരിശീലനം മാറ്റിവെക്കണമെന്നാണ് ആവശ്യം. അതേസമയം, എസ്.എസ്.കെ പദ്ധതി ഫണ്ട് മാർച്ച് 31നകം ചെലവഴിക്കണമെന്ന സാങ്കേതികത്വം മറികടക്കാനാണ് പരീക്ഷക്കാലമായിട്ടും പരിശീലന പ്രഹസനത്തിന് അധികൃതർ തയാറാകുന്നതെന്നാണ് വിവരം. പരിശീലനം മാറ്റിവെക്കാൻ നടപടി ആവശ്യപ്പെട്ട് വിദ്യാഭാസ മന്ത്രി , ഭിന്നശേഷി കമീഷണർ, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് ഇൻക്ലൂസിവ് പാരന്റ്സ് അസോസിയേഷൻ നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.