തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാകുേമ്പാഴും വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിൽ സർക്കാർ തീരുമാനം വൈകുന്നു. പാഠ്യേതര രംഗങ്ങളിൽ വിദ്യാർഥികൾ പ്രകടിപ്പിച്ച മികവ് മുൻനിർത്തിയാണ് ഗ്രേസ് മാർക്ക് നൽകുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ അധ്യയന വർഷം സ്കൂളുകൾ അടഞ്ഞുകിടന്നതിനാൽ കലാ-കായിക മേളകൾ നടന്നില്ല. എന്നാൽ, മുൻവർഷങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ പെങ്കടുത്തവർക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള സാധ്യതകളാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചത്.
മുൻവർഷങ്ങളിലെ പ്രകടനത്തെ വിലയിരുത്തി ഗ്രേസ് മാർക്ക് നൽകാവുന്നതാണെന്ന് എസ്.സി.ഇ.ആർ.ടി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. അതോടൊപ്പം സംസ്ഥാന സിലബസിലുള്ള കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത് സംബന്ധിച്ച് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ നൽകിയ ഹരജിയിൽ ഹൈകോടതി വിഷയം പരിശോധിക്കാൻ സർക്കാറിനോട് നിർദേശിച്ചിരുന്നു. വിഷയം പരിശോധിച്ച് തീരുമാനമെടുക്കാൻ ഫയൽ മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ്.
തീരുമാനം വൈകുന്നത് എസ്.എസ്.എൽ.സി, പ്ലസ് ടു ഫലപ്രഖ്യാപനത്തെ ബാധിക്കും. ഗ്രേസ് മാർക്ക് നൽകാൻ സർക്കാർ തീരുമാനമെടുത്താൽ ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ഒരുമാസമെങ്കിലും വേണ്ടിവരും. ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ സ്കൂളുകളിൽനിന്ന് ശേഖരിക്കണം. കോവിഡ് സാഹചര്യത്തിൽ ഇതിന് കൂടുതൽ സമയം വേണ്ടിവരും. ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് രേഖ പരിശോധിച്ചശേഷമേ മാർക്കിന് അർഹത നിശ്ചയിക്കൂ. പിന്നീട് പരീക്ഷ മാർക്കിേലക്ക് ഗ്രേസ് മാർക്ക് ചേർക്കുകയും വേണം. ഗ്രേസ് മാർക്ക് വേണ്ടെന്നുവെച്ചാൽ എസ്.എസ്.എൽ.സി പരീക്ഷഫലം ജൂലൈ ആദ്യത്തിലും പ്ലസ് ടു ഫലം ജൂലൈ മൂന്നാംവാരത്തിലും പ്രസിദ്ധീകരിക്കാനാകും.
കഴിഞ്ഞവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 1,13,638 പേർക്കും ടി.എച്ച്.എസ്.എൽ.സിയിൽ 1241 പേർക്കും പ്ലസ് ടുവിന് 87,257 പേർക്കും ഗ്രേസ് മാർക്ക് നൽകി. സ്കൂൾ കലോത്സവം, അറബിക് കലോത്സവം, സംസ്കൃതോത്സവം, ശാസ്ത്ര-ഗണിത-സാമൂഹിക പ്രവർത്തി പരിചയ-െഎ.ടി മേളകൾ, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ദേശീയ, സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, എൻ.സി.സി, എസ്.പി.സി, സർഗോത്സവം, കായിക മേളകൾ, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഗ്രേസ് മാർക്ക് നൽകിവരുന്നത്. കോവിഡ് കാലത്തും എൻ.സി.സി, എൻ.എസ്.എസ് ഉൾപ്പെടെയുള്ളവർ സേവന സന്നദ്ധരായി രംഗത്തിറങ്ങിയിരുന്നു. ഗ്രേസ് മാർക്ക് വേണ്ടെന്ന് തീരുമാനിച്ചാൽ ഇൗ വിദ്യാർഥികൾക്കുൾപ്പെടെ തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.