തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അംഗീകൃത കോളജുകളിലെ ആറാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് -സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2023 പരീക്ഷ ഫലപ്രഖ്യാപനം അതിവേഗത്തില്‍. അവസാന പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തീകരിച്ച് 24 പ്രവൃത്തി ദിനങ്ങള്‍ക്കുള്ളിലാണ് പരീക്ഷാഭവന് ഫലം പ്രസിദ്ധീകരിച്ചത്.
ബാര്‍കോഡ് അടിസ്ഥാനമാക്കിയുള്ള ഒന്നാം സെമസ്റ്റര്‍ പി.ജി (റെഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബര്‍ 2022 പരീക്ഷ പൂര്‍ത്തീകരിച്ച് 18 പ്രവൃത്തി ദിവസത്തിനകവും പരീക്ഷ പൂര്‍ത്തീകരിച്ച് 26ാം നാള് അഫിലിയേറ്റഡ് കോളജുകളിലെയും പ്രൈവറ്റ് വിദ്യാര്‍ഥികളുടെയും രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ പ്രിലിമിനറി (റെഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) മാര്‍ച്ച് 2023 പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. സര്‍വകലാശാല വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്.
സംസ്ഥാന സര്‍ക്കാറിന്റെ ഹയര്‍ സെക്കൻഡറി-പ്ലസ്ടുവിന് തത്തുല്യമായ അഫ്ദലുല്‍ ഉലമ പ്രിലിമിനറി ഫലം പ്ലസ്ടു പരീക്ഷാഫലത്തിന് മുമ്പേ പ്രസിദ്ധീകരിക്കാനായത് നേട്ടമാണ്. 324 കേന്ദ്രങ്ങളിലായി 61,905 പേരാണ് ബിരുദപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 49,525 പേര് (80 ശതമാനം) വിജയിച്ചു.
ഒന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷക്ക് 12,625 പേര് രജിസ്റ്റര്‍ ചെയ്തു. 219 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ 9,100 പേര് ജയിച്ചു. 72 ശതമാനമാണ് വിജയം. 1,971 പേര് രജിസ്റ്റര്‍ ചെയ്ത അഫ്ദലുല്‍ ഉലമ പരീക്ഷയില്‍ 933 പേര് (47 ശതമാനം) വിജയികളായി.
മാര്‍ക്ക് രേഖപ്പെടുത്താന്‍ ആപ്പ് ഉപയോഗിച്ചതും ഉത്തരക്കടലാസില്‍ ഫാള്‍സ് നമ്പറിന് പകരം ബാര്‍കോഡ് ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെയുള്ള പരീക്ഷാനവീകരണം ഫലപ്രഖ്യാപനം വേഗത്തിലാക്കിയതായി സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു. ഘട്ടംഘട്ടമായി എല്ലാ പരീക്ഷകള്‍ക്കും ഇത് ഏര്‍പ്പെടുത്തും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫലപ്രഖ്യാപനം നിര്‍വഹിച്ചു.
അതിവേഗം ഫലപ്രഖ്യാപനത്തിന് യത്നിച്ച ജീവനക്കാരെയും അധ്യാപകരെയും വി.സി അനുമോദിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. പരീക്ഷ കണ്ട്രോളര് ഡോ. ഡി.പി. ഗോഡ്വിന് സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, ഡോ. എം. മനോഹരന്, ഫിനാന്‍സ് ഓഫിസര്‍ എന്‍.എ. അബ്ദുൽ റഷീദ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍ ലജിഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. സുരേഷ്, ഗുരുവായൂരപ്പന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. രജനി, കോഴിക്കോട് ഗവ. ആര്‍ട്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ. ഷാജി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.