തിരുവനന്തപുരം: ഈ അധ്യയനവർഷം 64 നവീന എൻജിനീയറിങ് കോഴ്സുകൾക്ക് അംഗീകാരം നൽകാൻ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല തീരുമാനിച്ചു. രണ്ടു പുതിയ എൻജിനീയറിങ് കോളജുകൾ ആരംഭിക്കാൻ നിരാക്ഷേപ പത്രം നൽകും. ഈ കോളജുകളിൽ വിദഗ്ധ പരിശോധന നടത്തും. അഫിലിയേഷൻ നടപടി പൂർത്തിയാക്കാൻ എ.ഐ.സി.ടി.ഇ നൽകിയ അന്തിമ തീയതിയിലും വളരെ മുമ്പേയാണ് സർവകലാശാല പ്രക്രിയകൾ പൂർത്തിയാക്കിയത്.
140 എൻജിനീയറിങ് കോളജുകളുടെ അഫിലിയേഷൻ നടപടികൾ പൂർത്തിയാക്കി പുതിയ കോഴ്സുകൾ ആരംഭിക്കുന്ന കോളജുകളുടെ പട്ടികയും നിലവിലുള്ള കോഴ്സുകളിലെ സീറ്റ് വർധനയുടെ വിവരങ്ങളും സർക്കാറിന് കൈമാറി. എ.ഐ.സി.ടി.ഇ അക്കാദമിക് കലണ്ടർ പ്രകാരം സർവകലാശാലകൾ അഫിലിയേഷൻ അനുവദിക്കുന്ന അവസാന തീയതി ജൂലൈ 31 ആണ്.
64 എൻജിനീയറിങ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാനും 47 കോളജുകളിൽ സീറ്റ് വർധിപ്പിക്കാനും സർവകലാശാല ഉത്തരവിറക്കി. പുതിയ പഠനമേഖലകളിലായി നവീന എൻജിനീയറിങ് കോഴ്സുകൾ ആരംഭിക്കുന്നതോടെ എൻജിനീയറിങ് പഠനം ആഗ്രഹിക്കുന്നവർക്ക് കേരളത്തിൽതന്നെ പഠിക്കാനുള്ള സാധ്യത ഒരുങ്ങുമെന്ന് സർവകലാശാല അറിയിച്ചു.
നിലവിലെ ബി.ടെക്, ബി.ആർക്, ബി.ഡെസ് കോഴ്സുകൾക്ക് പുറമെ, ബി.വോക് കോഴ്സുകളും ആരംഭിക്കും. നിലവിൽ ഒരു കോളജിന് സൈബർ സെക്യൂരിറ്റിയിലാണ് ബി.വോക് അനുവദിച്ചത്. എമർജിങ് എൻജിനീയറിങ് മേഖലയിൽ വി.എൽ.എസ്.ഐ ഡിസൈൻ ആൻഡ് ടെക്നോളജി, ഡിസൈൻ മേഖലയിൽ ബാച്ലർ ഓഫ് ഇന്ററാക്ഷൻ ഡിസൈൻ, ബാച്ലർ ഓഫ് കമ്യൂണിക്കേഷൻ ഡിസൈൻ എന്നിവയാണ് പുതിയ കോഴ്സുകൾ.
എം.ബി.എ സ്പെഷലൈസ്ഡ് കോഴ്സുകളായ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയും ഈ വർഷം ആരംഭിക്കും. കമ്പ്യൂട്ടർ സയൻസിലും അനുബന്ധമേഖലയിലുമാണ് പുതിയ കോഴ്സുകൾ കൂടുതലും.
ഈ മേഖലയിലെ അനന്തമായ തൊഴിൽ സാധ്യത കാണിക്കിലെടുത്താണ് തീരുമാനം. തൊഴിൽ, വിദ്യാഭ്യാസ മേഖലകൾ തമ്മിലെ അന്തരം കുറക്കാനും നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന കരിക്കുലം പരിഷ്കരണവും പുരോഗമിക്കുകയാണെന്ന് സർവകലാശാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.