ലഖ്നോ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോളജുകളുള്ളത് ഉത്തർപ്രദേശിൽ. 2021-22 വർഷങ്ങളിൽ ഓൾ ഇന്ത്യ സർവേ ഫോർ ഹയർ എജ്യൂക്കേഷൻ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. യു.പിക്കു പിന്നാലെ ഏറ്റവും കൂടുതൽ കോളജുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്രയും കർണാടകയുമാണ്. രാജസ്ഥാൻ, തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തെലങ്കാന, പശ്ചിമബംഗാൾ സംസ്ഥാനങ്ങളാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചത്.
2021-2022 വർഷത്തിൽ 8,375 കോളജുകളാണ് യു.പിയിലുള്ളത്. തൊട്ടുമുമ്പത്തെ വർഷം ഇത് 8114 ആയിരുന്നു. ഒരു ലക്ഷം ആളുകൾക്ക് 30 എന്ന അനുപാതത്തിലാണ് സംസ്ഥാനത്ത് കോളജുകളുടെ എണ്ണം. കർണാടകയിൽ ലക്ഷം പേർക്ക് 66 എന്ന നിലയിലാണ് കോളജുകൾ. തെലങ്കാനയിൽ ലക്ഷം ആളുകൾക്ക് 52എന്ന അനുപാതത്തിലും.
4,692 കോളജുകളുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്തുള്ളത്. 4,430 കോളജുകളുമായി കർണാടക മൂന്നാം സ്ഥാനത്തും 3,934 കോളജുകളുമായി രാജസ്ഥാൻ നാലാം സ്ഥാനത്തുമാണുള്ളത്. 2,829 കോളജുകളുമായി തമിഴ്‌നാട് അഞ്ചാം സ്ഥാനത്തും 2,702 കോളജുകളുമായി മധ്യപ്രദേശ് ആറാംസ്ഥാനത്തും.
സർവേയിൽ പങ്കെടുത്ത 42,825 കോളജുകളിൽ 60 ശതമാനത്തിലധികം പൊതുസ്വഭാവമുള്ളവയാണെന്നും 8.7 ശതമാനം കോളജുകൾ വിദ്യാഭ്യാസത്തിലോ അധ്യാപക വിദ്യാഭ്യാസത്തിലോ സ്പെഷ്യലൈസ്ഡ് ആണെന്നും 6.1 ശതമാനം കോളജുകൾ എൻജിനീയറിങ്, ടെക്നോളജി സ്ഥാപനങ്ങളാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.