കൽപറ്റ: ഇത്തവണ വയനാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാൻ ചുരമിറങ്ങേണ്ടി വന്നില്ല. വയനാട്ടിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചശേഷമുള്ള ആദ്യ പരീക്ഷയായിരുന്നു ഞായറാഴ്ച നടന്നത്. രണ്ടായിരത്തിലധികം വിദ്യാർഥികളാണ് വയനാട്ടിലെ ഏഴു കേന്ദ്രങ്ങളിലായി നടന്ന നീറ്റ് പരീക്ഷ എഴുതിയത്.
കല്‍പറ്റ ഡീപോള്‍ പബ്ലിക് സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി, സുല്‍ത്താന്‍ബത്തേരി ഗ്രീന്‍ ഹില്‍സ്, സുല്‍ത്താന്‍ബത്തേരി ഭവന്‍സ്, മാനന്തവാടി ഹില്‍ ബ്ലൂംസ്, മാനന്തവാടി സെന്റ് ജോസഫ് പബ്ലിക് സ്‌കൂള്‍ എന്നീ ഏഴ് കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
എം.ബി.ബി.എസ്, ബി.ഡി.എസ്, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയാണ് നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്-യു.ജി). കല്‍പറ്റ ഡീപോള്‍ സ്‌കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് (792 വിദ്യാർഥികൾ). മാനന്തവാടി ഹില്‍ ബ്ലൂംസ്-363, മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂൾ- 360, സുല്‍ത്താന്‍ ബത്തേരി ഭവന്‍സ്- 360, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമി- 288, സുല്‍ത്താന്‍ ബത്തേരി ഗ്രീന്‍ ഹില്‍സ് സ്കൂൾ- 280, മാനന്തവാടി സെന്റ് ജോസഫ്-135 എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയവരുടെ കണക്ക്.
ആകെ 2,578 പേരാണ് വയനാടിന്‍റെ ചരിത്രത്തിലാദ്യമായുള്ള നീറ്റ് പരീക്ഷ എഴുതിയത്. പരീക്ഷ ആരംഭിക്കുന്നതിന് വളരെ നേരത്തെ തന്നെ വിദ്യാർഥികൾ കേന്ദ്രങ്ങളിലെത്തിയിരുന്നു. ഉച്ചക്ക് 12ഓടെ തന്നെ സെന്ററിനുള്ളിലേക്ക് കര്‍ശന പരിശോധനകള്‍ക്ക് ശേഷം പരീക്ഷാര്‍ഥികളെ പ്രവേശിപ്പിച്ചു തുടങ്ങി. കർശന പരിശോധനക്കുശേഷമായിരുന്നു പ്രവേശനം. ഉച്ചക്ക് രണ്ടിന് ആരംഭിച്ച പരീക്ഷ വൈകീട്ട് 5.30നാണ് തീർന്നത്. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ജില്ലക്ക് സെന്റര്‍ അനുവദിച്ചു കിട്ടിയത്.
പരീക്ഷക്കെത്തിയ വിദ്യാർഥികൾക്ക് വിജയാശംസകളുമായി കൽപറ്റ ഡീപോൾ സ്കൂളിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയും എത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വയനാടിന്റെ കുതിപ്പിന് തുടക്കമിടുന്നതാകും നീറ്റ് പരീക്ഷയെന്ന് ടി. സിദ്ദീഖ് പറഞ്ഞു. മൂന്നുതവണ നീറ്റ് പരീക്ഷക്ക് വയനാട് സെന്റര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പോവേണ്ടിവന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ കൂടി ഇടപെടലിനെ തുടര്‍ന്നാണ് പരീക്ഷാ സെന്റര്‍ അനുവദിച്ചു കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.