കാസർകോട്: തൊഴിലന്വേഷകരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് മുമ്പുള്ള കടമ്പയാണ് അഭിമുഖം. അനുഭവത്തിന്റെ അഭാവത്തിൽ അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാവാത്തതിനാല്‍ ജോലി നഷ്ടപ്പെടുന്നവരും നിരവധിയാണ്. തൊഴിലിനായുള്ള അഭിമുഖത്തെ ആത്മവിശ്വാസത്തോടെ ആശങ്കയില്ലാതെ നേരിടാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്താമാക്കാനൊരുങ്ങുകയാണ് കേരള നോളജ് ഇക്കണോമി മിഷന്.
കുടുംബശ്രീയുമായി സഹകരിച്ച് മൂന്നുദിവസം നടത്തുന്ന സൗജന്യ പരിശീലനത്തില്‍ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനായി പൂര്‍ണമായും സജ്ജരാക്കും. ബയോഡേറ്റ നിര്‍മാണം, ഇ-മെയില്‍ തയാറാക്കല്‍, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും, സ്വഭാവ രൂപവത്കരണം തുടങ്ങി വിവിധ മേഖലകളില്‍ 15 മണിക്കൂര്‍ നീളുന്ന പരിശീലനം നല്‍കും. മോക് ഇന്റര്‍വ്യൂവും സംഘടിപ്പിക്കും.
വിവിധ സെഷനുകളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. വര്‍ക്ക് റെഡിനെസ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നോളജ് ഇക്കണോമി മിഷന്റെ കമ്യൂണിറ്റി അംബാസിഡറെയോ കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്സണിനെയോ ബന്ധപ്പെടാം.
നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് കഴിഞ്ഞ ഒരു വര്‍ഷം ജില്ലയില്‍ സംഘടിപ്പിച്ചത് ഏഴ് തൊഴില്‍മേളകള്‍. കാഞ്ഞങ്ങാട് നിത്യാനന്ദ പോളി ടെക്നിക്കില്‍ നടത്തിയ ‘തൊഴിലരങ്ങത്തേക്ക്’, കയ്യൂര്‍ ഐ.ടി.ഐ, ചാലിങ്കാല്‍ ശ്രീനാരായണ എജ്യുക്കേഷന്‍ ട്രസ്റ്റ്, അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നടത്തിയ തൊഴില്‍മേള, കാഞ്ഞങ്ങാട് എസ്.ബി.ഐയില്‍ നടത്തിയ മിനി തൊഴില്‍മേള, സ്പെക്ട്രം ജോബ് ഫെയര്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ നിരവധി ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. ഏഴ് തൊഴില്മേളകളിലായി 659 പേര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.