പുളിയും വറ്റൽ മുളകും ചേർത്ത് വാഴയിലയിൽ പൊള്ളിച്ചെടുത്ത മീൻ

പൊള്ളിച്ചെടുത്ത മീൻ കിടു ടേസ്റ്റ് തന്നെയാണ്. പക്ഷെ, പൊള്ളിച്ചെടുക്കുമ്പോൾ മീനിൽ മസാല നല്ല പോലെ ആയില്ലെങ്കിൽ ആ മീൻ കഴിക്കാൻ തന്നെ പാടാകും, പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്ക്. നല്ല വാളൻ പുളി വെള്ളവും വറ്റൽമുളകും ചുമന്ന ഉള്ളിയും എല്ലാം ഇട്ട് മീൻ പൊള്ളിച്ചു നോക്കു. സംഭവം കിടിലനാവും. മീനിന്‍റെ പുറത്തെ മസാല കഴിക്കുമ്പോൾ നല്ല നാടൻ ചമ്മന്തി കഴിച്ച ഫീലും വരും. അയില, മത്തി, കിളിമീൻ എന്നിങ്ങനെ ഏതു മീനിലും നമുക്കിതു ചെയ്തെടുക്കാം.

ചേരുവകൾ:

  • മീൻ -അര കിലോ
  • ചെറിയ ഉള്ളി-ഒരു പിടി
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂൺ
  • പുളി - ഒരു നാരങ്ങാ വലുപ്പത്തിൽ ●
  • കറി വേപ്പില - ആവശ്യത്തിന്
  • വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
  • വറ്റൽ മുളക് -6, 7എണ്ണം
  • മഞ്ഞൾ പൊടി -അര ടീസ്പൂൺ
  • മുളക് പൊടി-1 ടീസ്പൂൺ
  • വിനാഗിരി -1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വാഴയില - ഒരെണ്ണം

ഉണ്ടാക്കുന്ന വിധം:

ആദ്യമായി മീൻ കഴുകി വൃത്തിയാക്കിയ ശേഷം അതിലേക്ക് മഞ്ഞൾ പൊടിയും മുളക് പൊടിയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി മസാല തേച്ചു പിടിപ്പിക്കണം.

ശേഷം നല്ല വെളിച്ചെണ്ണയിൽ മുക്കാൽ വേവാകുവോളം പൊരിച്ചെടുക്കണം.ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളിയും വറ്റൽ മുളകും കറി വേപ്പിലയും ഇട്ട് വഴറ്റി ഉപ്പും പുളിവെള്ളവും ചേർത്ത് അരച്ചെടുക്കണം.

വാഴയില എടുത്തു വാട്ടി അതിലേക്ക് ഈ മസാല ഇട്ടു പരത്തുക. അതിനു മുകളിൽ പൊരിച്ചു വെച്ച മീൻ വെച്ച് വീണ്ടും അതിനു മുകളിലായി മസാല ഇട്ടു കൊടുത്തു ഇല പൊതിഞ്ഞു പാനിൽ പൊള്ളിച്ചെടുത്താൽ സംഭവം റെഡി. ചോറിന്‍റെ കൂടെ കഴിക്കാം ചൂടോടെ.

Tags:    
News Summary - fish in banana leaf with tamarind and grated chillies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.