ചായക്കൊപ്പം കഴിക്കാം നല്ല ക്രിസ്പ്പി ചിക്കൻ റോൾ

ചൈനീസ് സ്പ്രിങ് റോളിനോട് സാമ്യമുള്ള ചിക്കൻ റോൾ ഓസ്‌ട്രേലിയയിലാണ് ആദ്യമായി ഉണ്ടാക്കിയത്. കുറച്ചു പച്ചക്കറികളും ഇറച്ചിയും ഫിൽ ചെയ്ത് മൈദമാവിൽ ദോശപോലെ ചുട്ട്‌ റോൾ ആക്കി മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി പൊരിച്ചെടുക്കുന്ന ചിക്കൻ റോൾ നാലുമണി ചായക്കൊപ്പം നല്ലൊരു പലഹാരം ആണ്. കുട്ടികൾക്ക് ടൊമാറ്റോ സോസും കൂട്ടി കഴിക്കാൻ ഇഷ്ടമുള്ള അവരുടെ പ്രിയപ്പെട്ട പലഹാരമാണ് ഈ ചിക്കൻ റോൾ.

നല്ല ചൂടോടെ മുരു മുരുപ്പോടെ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ഫില്ലിംഗ് നമ്മുടെ ഇഷ്ടാനുസരണം മാറ്റാം. ഇത് ഏതു മാംസത്തിലും ചെയ്തെടുക്കാം. വെജിറ്റേറിയൻസിന് മാംസം ഒഴിവാക്കി പച്ചക്കറികൾ ചേർത്ത് ഉണ്ടാക്കിയെടുക്കാം. പനീർ ഇഷ്ടമുള്ളവരാണേൽ അതും കൂടെ ചേർക്കാം. മുട്ട കഴിക്കാത്തവരാണെങ്കിൽ പകരം കോൺ ഫ്ലോറിൽ വെള്ളം ചേർത്ത് കലക്കിയെടുത്ത് അതിൽ മുക്കി പൊരിച്ചെടുക്കാം. നല്ല മുരുമുരുപ്പ്‌ കിട്ടുകയും ചെയ്യും.

ചേരുവകൾ:

  • ചിക്കൻ ബ്രസ്റ്റ്‌ -400ഗ്രാം
  • മൈദ-1 കപ്പ്‌ 
  • മുട്ട -3 എണ്ണം
  • വെള്ളം -ആവശ്യത്തിന്
  • വലിയ ഉള്ളി -2 എണ്ണം (ചെറുത്)
  • കാരറ്റ് -1 എണ്ണം
  • ചോളം -1എണ്ണം
  • ബ്രഡ് പൊടിച്ചത് -2 കപ്പ്‌
  • പച്ച മുളക് -2,3 എണ്ണം
  • ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
  • ഗരം മസാല പൊടി -1 ടീസ്പൂൺ
  • കുരുമുളക് പൊടി-1 ടേബിൾ സ്പൂൺ
  • മല്ലി പൊടി-1 ടീസ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • പാൽ -2 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം:

ആദ്യമായി ചിക്കൻ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വെന്ത ശേഷം ഒന്ന് ചതച്ചെടുക്കുക. അല്ലെങ്കിൽ കൈ കൊണ്ട് പിച്ചി എടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റി കൊടുത്ത് അതിലേക് ഇഞ്ചിവെളുത്തുള്ളി ചതച്ചതും കൂടി ഇട്ടു കൊടുത്ത് പച്ചമുളകും കൂടി ഇട്ടു കൊടുത്തു ഒന്ന് വീണ്ടും വഴറ്റി കൊടുത്തു അതിലേക്ക് കാരറ്റ് ആദ്യം ചേർത്ത് വഴറ്റി എടുത്ത് പിന്നീട് ചോളം ഇട്ടു വീണ്ടും വഴറ്റി എടുക്കുക.ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. പിന്നീട് നമ്മൾ വേവിച്ചു വെച്ച ചിക്കൻ ചേർത്ത് കൊടുക്കുക.

ശേഷം കുരുമുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടിയും ചേർത്ത് കൊടുത്തു നന്നായൊന്നു വഴറ്റി മല്ലിയില കൂടി ചേർത്ത് കൊടുത്താൽ മസാല റെഡി. മാവ് ഉണ്ടാക്കുന്നതിനു വേണ്ടി മിക്സിയുടെ ജാറിലേക്ക്‌ മൈദയും മുട്ടയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുത്തു നന്നായി കട്ട കെട്ടാതെ അരച്ചെടുക്കുക.

ഒരു പാൻ ചൂടാക്കി ഓരോ തവി മാവ് ഒഴുച്ചു കൊടുത്തു ദോശ ചുട്ടെടുക്കുക. ഒരു ബൗളിൽ മുട്ടയും പാലും ഇട്ടു കൊടുത്തു നന്നായി അടിച്ചെടുക്കുക. ചുട്ടു വെച്ച ഓരോ ദോശയുടെയും മുകളിൽ മസാല ഇട്ടു കൊടുത്തു ദോശ രണ്ടു സൈഡും മടക്കി റോൾ ചെയ്തെടുക്കുക. മുട്ടയുടെ മിക്സിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.നല്ല മൊരുമൊരാ മൊരിഞ്ഞ ചിക്കൻ റോൾ റെഡി.

Tags:    
News Summary - Good crispy chicken roll that can be eaten with tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.