തലശ്ശേരിക്കാരുടെ ഇഫ്താറുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങൾ. കാലം മാറുന്നതനുസരിച്ച് ഒരുപാട് പുതു രുചികൾ വന്നെങ്കിലും പഴയ വിഭവങ്ങൾ ഇപ്പോഴും പ്രിയപ്പെട്ടവതന്നെ. അങ്ങയൊരു വിഭവമാണ് കായപ്പം.
തലമുറകളായി തറവാട്ടിൽ കൈമാറി വന്നൊരു രുചിക്കൂട്ട്. അപ്രതീക്ഷിതമായെത്തുന്ന അതിഥികൾക്ക് പഴവും മുട്ടയും കൊണ്ട് എളുപ്പത്തിൽ വലിയുമ്മ ഉണ്ടാക്കിയ ഒരു സ്വീറ്റ് സ്നാക്കായാണ് കായപ്പം ആദ്യം ഓർമയിലെത്തുന്നത്.
പഴുത്ത രണ്ടു പഴം വട്ടത്തിൽ അരിഞ്ഞു നെയ്യിൽ വാട്ടി എടുക്കുക. ആ നെയ്യിൽ തന്നെ ഒരു കപ്പ് തേങ്ങ ചിരവിയത്, ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടിച്ചതും ഇട്ട് യോജിപ്പിക്കുക. പഴം വാട്ടിയതും ഇതിലേക്ക് ചേർത്തു നന്നായി മിക്സ് ചെയ്തു മാറ്റി വെക്കുക. രണ്ടു മുട്ട, കുറച്ചു പഞ്ചസാരയും, എലയ്ക്ക പൊടിച്ചതും ചേർത്തു നന്നായി മിക്സ് ചെയ്ത് ഒരു വെള്ളയപ്പ ചട്ടി ചൂടാക്കി അതിൽ ഒഴിച്ച് ചുറ്റിച്ചെടുക്കുക.
അതിനു ശേഷം നേരത്തെ തയാറാക്കി വെച്ച തേങ്ങ പഴം കൂട്ട് മുകളിൽ വിതറി കൈകൊണ്ട് ചെറുതായി അമർത്തി മൂടിവെച്ച് ആറ്-ഏഴ് മിനിറ്റ് ചെറു തീയിൽ വേവിച്ചു എടുക്കാം. ശേഷം മൂടി മാറ്റി ചെറിയൊരു പ്ലേറ്റ് കൊണ്ട് കമഴ്ത്തി എടുത്തു മുറിച്ചു കഴിക്കാം. വളരെ കുറഞ്ഞ ചേരുവകൾകൊണ്ട് എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഈ വിഭവം ഇഫ്താർ സമയത്തു ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.