കോടതി കയറി ബട്ടർ ചിക്കനും ദാൽ മഖനിയും; ആരാണ് ആദ്യമുണ്ടാക്കിയതെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും

ന്യൂഡൽഹി: അടുത്ത തവണ രുചികരമായ ബട്ടർ ചിക്കനോ ദാൽ മഖനിയോ കഴിക്കുമ്പോൾ ഓർക്കണം, ആരാണ് ആദ്യമുണ്ടാക്കിയതെന്ന തർക്കത്തിന്‍റെ പേരിൽ കോടതി കയറിയ വിഭവമാണ് നിങ്ങളുടെ മുന്നിലിരിക്കുന്നതെന്ന്. കേസ് ഇപ്പോൾ ഡൽഹി ഹൈകോടതിയുടെ മുന്നിലാണ്. ഡൽഹിയിലെ രണ്ട് പ്രമുഖ റസ്റ്ററന്‍റുകൾ തമ്മിലാണ് തർക്കം.

തർക്കത്തിന്‍റെ തുടക്കം

ഡൽഹിയിലെ പ്രമുഖ റസ്റ്ററന്‍റുകളായ മോത്തി മഹൽ, ദാര്യഗഞ്ച് എന്നിവ തമ്മിലാണ് ബട്ടർ ചിക്കന്‍റെയും ദാൽ മഖനിയുടെയും പേരിൽ തർക്കമുണ്ടായത്. 'ബട്ടർ ചിക്കനും ദാൽ മഖനിയും ആദ്യമുണ്ടാക്കിയവർ' എന്ന ടാഗ് ലൈൻ ദാര്യഗഞ്ച് റസ്റ്ററന്‍റ് ഉപയോഗിച്ചിരുന്നു. റസ്റ്ററന്‍റിലെ പ്രധാന വിഭവങ്ങളാണ് ഇവ. ഇതിനെതിരെയാണ് മോത്തി മഹൽ റെസ്റ്ററന്‍റ് രംഗത്തെത്തിയത്.

മോത്തി മഹലിന്‍റെ വാദം ഇങ്ങനെ

'ബട്ടർ ചിക്കനും ദാൽ മഖനിയും ആദ്യമുണ്ടാക്കിയവർ' എന്ന ടാഗ് ലൈൻ ഉപയോഗിച്ച് ദാര്യഗഞ്ച് റസ്റ്ററന്‍റ് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന് മോത്തി മഹൽ പറയുന്നു. മോത്തി മഹൽ റസ്റ്ററന്‍റിന്‍റെ മുൻ ഉടമയായ അന്തരിച്ച കുണ്ഡൽ ലാൽ ഗുജ്റാളാണ് ബട്ടർ ചിക്കനും ദാൽ മഖനിയും ആദ്യമായുണ്ടാക്കിയത് എന്നാണ് ഇവരുടെ വാദം.

ഗുജ്റാളാണ് ആദ്യത്തെ തന്തൂരി ചിക്കൻ ഉണ്ടാക്കിയതെന്നും ഇവർ അവകാശപ്പെടുന്നു. ബട്ടർ ചിക്കൻ ഉണ്ടാക്കിയപ്പോൾ ഗുജ്റാൾ അതേ രുചിക്കൂട്ടുകൾ ഉപയോഗിച്ച് തയാറാക്കിയതാണ് ദാൽ മഖനിയെന്നും മോത്തി മഹൽ റസ്റ്ററന്‍റ് അവകാശപ്പെടുന്നു. 

 

കേസ് കോടതിയിലേക്ക്

രണ്ട് റസ്റ്ററന്‍റുകളും തമ്മിൽ വർഷങ്ങളായി തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് മോത്തി മഹൽ റസ്റ്ററന്‍റ് പരാതിയുമായി കോടതിയിലെത്തിയത്. ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് സഞ്ജീവ് നരൂലയുടെ ബെഞ്ചിലാണ് ഹരജിയെത്തിയത്. ബട്ടർ ചിക്കനും ദാൽ മഖനിയും ആദ്യമായുണ്ടാക്കിയത് തങ്ങളാണെന്ന ദാര്യഗഞ്ച് റസ്റ്ററന്‍റിന്‍റെ അവകാശവാദം വിലക്കണമെന്നാണ് ഇവരുടെ ആവശ്യം.

കോടതി പറഞ്ഞത്

ജനുവരി 16നാണ് കോടതി കേസ് പരിഗണിച്ചത്. തുടർന്ന് ദാര്യഗഞ്ച് റസ്റ്ററന്‍റിനോട് അവർക്ക് ബോധിപ്പിക്കാനുള്ള കാര്യങ്ങൾ ഒരു മാസത്തിനകം കോടതിയെ അറിയിക്കാൻ നിർദേശിച്ചു. കേസ് അടുത്ത മേയ് 29നാണ് വീണ്ടും പരിഗണിക്കുക.

ദാര്യഗഞ്ച് റസ്റ്ററന്‍റിന്‍റെ വാദം

മോത്തി മഹൽ റസ്റ്ററന്‍റിന്‍റെ അവകാശവാദം സത്യത്തിൽ നിന്ന് ഏറെ അകലെയാണെന്നാണ് ദാര്യഗഞ്ച് റസ്റ്ററന്‍റിന്‍റെ അഭിഭാഷകൻ പ്രതികരിച്ചത്. മോത്തി മഹൽ ഉടമയായിരുന്ന അന്തരിച്ച കുന്ദൻ ലാൽ ഗുജ്റാളും ദാര്യഗഞ്ച് റസ്റ്ററന്‍റിന്‍റെ ഉടമയായിരുന്ന അന്തരിച്ച കുണ്ഡൽ ലാൽ ജഗ്ഗിയും ഒരുമിച്ച് പാകിസ്ഥാനിലെ പെഷവാറിൽ വിഭജനത്തിന് മുമ്പ് സ്ഥാപിച്ചതാണ് ആദ്യത്തെ മോത്തി മഹൽ റസ്റ്ററന്‍റ്. കുണ്ഡൽ ലാൽ ജഗ്ഗിയാണ് ബട്ടർ ചിക്കന്‍റെയും ദാൽ മഖനിയുടെയും രസക്കൂട്ട് ഇന്ത്യയിലെത്തിച്ചതെന്നും ഇവർ അവകാശപ്പെടുന്നു. 

Tags:    
News Summary - Moti Mahal or Daryaganj? Delhi HC Steps in To Settle the Butter Chicken Debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.