തായ് സ്വാദുകൾ ആസ്വദിക്കാൻ ഹോട്ടലുകൾ തേടി പോകുന്നവർ ഏറെയാണ്. എന്നാൽ, നിങ്ങളുടെ അടുക്കളയിൽ തന്നെ പാട് തായ് കായ് (തായ് ചിക്കൻ റൈസ് നൂഡിൽസ്) തയാറാക്കാം
ആദ്യം തായ് സോസ് തയാറാക്കിയെടുക്കുക. പുളി പേസ്റ്റ്, ചിക്കൻ സ്റ്റോക്ക്, ഫിഷ് സോസ്, ചില്ലി സോസ്, ബ്രൗൺ ഷുഗർ എന്നീ ചേരുവകൾ പാനിലൊഴിച്ച് തിളപ്പിച്ചെടുക്കുക. മധുരവും ചവർപ്പും കലർന്ന രുചിയായിരിക്കും ഇതിന്. മധുരം കൂടുതൽ വേണമെങ്കിൽ അൽപം പഞ്ചസാരയും മധുരം കൂടുതലാണെങ്കിൽ കുറച്ച് പുളി പേസ്റ്റും ചേർത്തുകൊടുക്കാം.
റൈസ് നൂഡിൽസ് അൽപം ഉപ്പുചേർത്ത് പാകത്തിന് വേവിച്ച് തണുത്ത വെള്ളമൊഴിച്ച് ഈറ്റിയെടുക്കുക. തണുത്ത വെള്ളമൊഴിച്ച് കഴുകിയാൽ നൂഡിൽസ് ഒട്ടിപ്പിടിക്കില്ല. ചോളം വേവിച്ച വെള്ളവും സോയ സോസും ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്തുവെക്കുക. അടുത്തതായി പാൻ ചൂടാക്കി എണ്ണയൊഴിച്ച് വെളുത്തുള്ളി അരിഞ്ഞതും മുളക് ചതച്ചതും സവാളയുമിട്ട് മൂപ്പിക്കുക. ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ ചേർക്കുക.
ചിക്കൻ വാട്ടിയ ശേഷം അൽപം ചിക്കൻ സ്റ്റോക്ക് ചേർത്തു കൊടുക്കാം. ചിക്കൻ നന്നായി വെന്തശേഷം നൂഡിൽസും തായ് സോസും ചേർത്തു കൊടുക്കുക. രണ്ട് തവികളോ അല്ലെങ്കിൽ മറ്റൊരു പാനോ ഉപയോഗിച്ച് നൂഡിൽസ് മുറിയാത്ത വിധം ഇളക്കി യോജിപ്പിക്കുക (സാലഡ് ഇളക്കുന്നതുപോലെ). സോസും മറ്റു ചേരുവകളും യോജിക്കുന്നതിനായി നൂഡിൽസ് അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക. സോസ് മുഴുവനായും വറ്റുകയാണെങ്കിൽ അൽപം എണ്ണ തൂവിക്കൊടുക്കാം.
ശേഷം മുളപ്പിച്ച ചെറുപയർ ചേർത്തിളക്കുക. ഒരു മിനിറ്റുകൂടി വേവിച്ച ശേഷം ഫിഷ് സോസ് ചേർക്കുക. നിലക്കടല പൊടിച്ചതും മല്ലിയിലയും തൂവി വാങ്ങാം. പ്ലേറ്റിലേക്ക് മാറ്റി നാരങ്ങ കഷണങ്ങൾ കൊണ്ട് അലങ്കരിച്ച് വിളമ്പാം. (നൂഡ്ൽസ് തയാറാക്കുമ്പോൾ മുഴുവനായും വരണ്ടതാകാതിരിക്കാൻ ശ്രദ്ധിക്കണം. നൂഡിൽസിന്‍റെ വേവും അധികമാവരുത്.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.