ബിരിയാണി നമുക്കെല്ലാം ഇഷ്ടമാണ്. ബിരിയാണികൾ പലവിധം. നല്ല എരിവും പുളിയുമൊക്കെയുള്ള ഒരു തരം ബിരിയാണിയാണ് നമ്മുടെ ഇന്നത്തെ ഐറ്റം, സിന്ധി ബിരിയാണി. ഉരുളക്കിഴങ്ങ് ചേർത്ത് ചിക്കനിൽ ആണ് ഇത് മിക്കവാറും ഉണ്ടാക്കി എടുക്കാറുള്ളത്. കാണാൻ നല്ല ഭംഗിയും കഴിക്കാൻ രുചിയുമുള്ള ഈ ബിരിയാണിക്ക് നമ്മുടെ നാടൻ ബിരിയാണികളിൽ നിന്നും വേറിട്ട് നിൽക്കുന്ന രുചിയാണ്. നിറങ്ങളിലെ വ്യത്യസ്തത കാരണം കുട്ടികൾക്ക് ഏറെ ആകർഷകമായ ബിരിയാണി കൂടിയാണിത്.
അരി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളത്തിൽ 15 മിനിട്ടു ഇട്ടുവെക്കുക. ഉരുളക്കിഴങ്ങ് ഇത്തിരി മഞ്ഞൾ പൊടി ചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക. മുക്കാൽ ഭാഗം വേവിച്ചാൽ മതി. ഉള്ളി എണ്ണയിൽ വറുത്തു കോരി വെക്കുക. ഉള്ളി പൊരിച്ച എണ്ണയിൽ മുക്കാൽ ഭാഗം വേവിച്ച ഉരുളക്കിഴങ്ങു പൊരിച്ചെടുക്കുക. മറ്റൊരു വലിയ പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ഏലക്ക, ഗ്രാമ്പു, പട്ട , കുരുമുളക് എന്നിവ ഇട്ടു അരച്ച് വെച്ച ഉള്ളി ചേർത്ത് വഴറ്റി എടുക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്തു വീണ്ടും വഴറ്റി പച്ച ചുവ മാറുന്നത് വരെ വഴറ്റുക.
ശേഷം തക്കാളി അരച്ചത് ഒഴിച്ച് കൊടുത്ത് നന്നായൊന്നു വഴറ്റി എണ്ണയൊന്നു തെളിഞ്ഞു വന്നാൽ പച്ചമുളക് ചേർത്തു വഴറ്റി പൊടികളായ മഞ്ഞൾ പൊടി, കശ്‍മീരി ചില്ലി പൗഡർ, മല്ലിപ്പൊടി, ഏലക്കായപ്പൊടി, സിന്ധി ബിരിയാണി മസാല എല്ലാം ചേർത്തു വീണ്ടും നന്നായി വഴറ്റി ആവശ്യത്തിന് ഉപ്പും ചേർത്ത് ചിക്കൻ ഇട്ടു നന്നായൊന്നു യോജിപ്പിച്ചു കൊടുക്കുക. മസാലയൊക്കെ ചിക്കനിൽ പിടിക്കുന്ന വിധം യോജിപ്പിക്കുക.
ശേഷം തൈര് ചേർത്ത് ഇളക്കി കൊടുക്കുക. മല്ലിയില, പൊതീന, വറുത്ത ഉള്ളി ഇവ ചേർത്ത് വീണ്ടും നന്നായൊന്നു യോജിപ്പിച്ചെടുത്ത ശേഷം അടച്ചു വെച്ച് വേവിക്കുക. ശേഷം പൊരിച്ചു വെച്ച ഉരുളക്കിഴങ്ങ് കൂടെ ഈ മസാലയിലേക്ക് ചേർത്തിയാൽ മസാല റെഡി. ഇനി മറ്റൊരു പാൻ എടുത്ത് അരി വേവിച്ചെടുക്കാം. അതിനായി വെള്ളത്തിലേക്ക് പട്ട ഇല, ഗ്രാമ്പു, ഏലക്ക, ചെറിയ ജീരകം ഇവ ചേർത്ത് അരി ഇട്ടു കൊടുത്തു ഉപ്പും ചേർത്തു വേവിച്ചെടുക്കുക. ശേഷം ചോറിലെ വെള്ളമൊക്കെ മാറ്റി വാർത്തെടുക്കുക.
വലിയൊരു ചെമ്പിലേക്ക് ധം ഇടുന്നതിനായി ചോർ കുറച്ചിട്ട് അതിന് മുകളിൽ ചിക്കൻ മസാല വീണ്ടും ചോർ ഇട്ടു വറുത്തു എടുത്ത ഉള്ളി, മല്ലിയില, പൊതീന എല്ലാം ചേർത്തു വീണ്ടും മസാല ഇട്ടു അതിനു മുകളിൽ ചോറ് ഇട്ട് ലേയർ ആക്കി വട്ടത്തിൽ അരിഞ്ഞ നാരങ്ങയും തക്കാളിയും വറുത്ത ഉള്ളിയും ഓറഞ്ച് കളറും മല്ലിയില പൊതീന നെയ്യ് എല്ലാം ഇട്ടു 20-25 മിനുട്ട് ധം ഇട്ടു കൊടുത്താൽ സിന്ധി ബിരിയാണി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.