ദോഹ: കോവിഡ് മൂലം നാട്ടിൽ കുടുങ്ങിയ പ്രിയപ്പെട്ടവർക്കായി കണ്ണുംകാതും നട്ട് കാത്തിരിപ്പ് തുടങ്ങിയിട്ട് മാസം കുറെ ആയി.കാത്തിരിപ്പിന് വിരാമമിട്ടാണ് ഖത്തർ ആ സന്തോഷ വാർത്ത പ്രവാസികൾക്ക് നൽകിയത്. വിസയുള്ളവർക്ക് തിരികെയെത്താം എന്നത്. അങ്ങനെയാണ് വിസയുള്ളവർക്ക് സെപ്റ്റംബർ ഒന്നുമുതൽ രാജ്യത്തേക്ക് തിരിച്ചെത്താനായത്. നാട്ടിലുള്ള കുടുംബത്തെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന സന്തോഷത്തിലും ആശ്വാസത്തിലുമായിരുന്നു പലരും. തിരിച്ചെത്തുന്നവർ ഒരാഴ്ച നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ കഴിയണം. രോഗികൾ, ചെറിയ കുട്ടികളുള്ള സ്ത്രീകൾ തുടങ്ങിയവർക്ക് ഇളവുണ്ട്. എന്നാൽ, ഇതിൽപെടാത്ത ദമ്പതികൾ അരികിലുണ്ടായിട്ടും അക്കരെയിക്കരെ നിൽക്കേണ്ട അവസ്ഥയിലാണ്. വിമാനത്താവളത്തിൽ ഇറങ്ങിയാൽ ഒരു നോക്കുപോലും കാണാനാകില്ല പരസ്പരം.
ഇറങ്ങിയ ഉടൻ പ്രത്യേക കവാടം വഴി ഇവരെ 'ഡിസ്കവർ ഖത്തർ' വാഹനത്തിൽ നേരത്തേ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തിക്കും.ക്വാറൻറീൻ ഹോട്ടലാണല്ലോ, അവിടേക്ക് ഭർത്താവാണ് എന്നൊന്നും പറഞ്ഞ് കയറിച്ചെല്ലാനാകില്ല, ചെവിക്ക് പിടിച്ചു പുറത്താക്കും. ഒരാഴ്ചത്തെ ഈ കാത്തിരിപ്പിന് വല്ലാത്തൊരു സുഖമുണ്ട് എന്നൊക്കെയാണ് ദമ്പതികൾ അപ്പോഴും ആശ്വസിക്കുന്നത്.
ചില വിരുതൻമാർ കുടുംബം എത്തുന്നതിന് തലേദിവസം ഹോട്ടലിൽ പോയി സെക്യൂരിറ്റിയെയും റിസപ്ഷനിസ്റ്റിനെയുമൊക്കെ പരിചയപ്പെടാനുള്ള ശ്രമവും നടത്താറുണ്ട്.. അപ്പോഴും അകത്തേക്ക് കയറാനാകില്ല. ജീവനക്കാർ പുറത്തുവന്നാണ് കാര്യം അന്വേഷിക്കുക. അങ്ങെനയാണ് ചിലർക്ക് ആ വിലപ്പെട്ട ഉപദേശം കിട്ടിയത്. കുടുംബം ഹോട്ടലിൽ എത്തുന്ന നേരം പുറത്തുകാത്തിരുന്നാൽ പരസ്പരമൊന്നുകാണാം, മിണ്ടാം... ചിലർ അതിൽ വിജയിക്കുന്നുമുണ്ട്. ഇഷ്ട സാധനങ്ങൾ പുറത്തെത്തിച്ചാൽ മുറിയിലുള്ള ഭാര്യക്കും കുട്ടികൾക്കും തങ്ങൾ എത്തിക്കാമെന്ന വാക്കും ചില ഹോട്ടലുകാർ നൽകുന്നുണ്ട്.
ചില വിരുതൻമാർ വൈകുന്നേരങ്ങളിൽ ഹോട്ടലിെൻറ താഴെനിന്ന് ജനൽ ഗ്ലാസിലൂടെ പ്രിയപ്പെട്ടവരെ കാണുന്നുമുണ്ട്. ഭാര്യമാർക്കാകട്ടെ വീട്ടിലെ കനത്ത ജോലികളിൽനിന്നുള്ള പൂർണ വിശ്രമമാണ് ഹോട്ടൽ ക്വാറൻറീൻ.മൂന്നുനേരം രുചികരമായ ഭക്ഷണവും മുന്നിലെത്തും. ഏതായാലും ഇവരുടെയൊക്കെ അനുഭവത്തിൽനിന്ന് ഒരുകാര്യം വ്യക്തം, ഒരാഴ്ചത്തെ ഹോട്ടൽ ക്വാറൻറീന് വല്ലാത്ത ദൈർഘ്യമാണ് ഇപ്പോൾ ഖത്തറിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.