ദോഹ: മാലിന്യങ്ങൾ ഉറവിടങ്ങളിൽനിന്നു തന്നെ വേർതിരിച്ച്, സംസ്കരണം എളുപ്പമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ദോഹയിലെ 80 ശതമാനം വീടുകളിലും കണ്ടെയ്നറുകളുടെ വിതരണം പൂർത്തിയാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ രണ്ട് കണ്ടെയ്നറുകളാണ് മന്ത്രാലയം സ്ഥാപിക്കുന്നത്.
ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ചാരനിറത്തിലെ കണ്ടെയ്നറുകൾക്കൊപ്പം, പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ് എന്നീ പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാൻ നീല നിറത്തിലുള്ള കണ്ടെയ്നറുകളും പൊതുശുചീകരണ വിഭാഗം സ്ഥാപിക്കുകയാണെന്ന് മന്ത്രാലയത്തിലെ വേസ്റ്റ് റീസൈക്ലിങ് ആൻഡ് ട്രീറ്റ്മെന്റ് വിഭാഗം മേധാവി എൻജി.
ഹമദ് ജാസിം അൽ ബഹർ പറഞ്ഞു. പ്രദേശിക പത്രമായ ‘ദി പെനിൻസുല’യാണ് എൻജി. ഹമദ് ജാസിം അൽ ബഹറിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. ദോഹയിലെ 80 ശതമാനം പ്രദേശങ്ങളിലും ഗാർഹിക മാലിന്യങ്ങൾ ഉറവിടത്തിൽനിന്ന് വേർതിരിച്ച് ശേഖരിക്കുന്നതിനായി രണ്ട് കണ്ടെയ്നറുകളും ലഭ്യമാക്കിയതായി അൽ ബഹർ കൂട്ടിച്ചേർത്തു.
നീല നിറത്തിലുള്ള കണ്ടെയ്നറുകളിലാണ് റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുക. ഇത് അൽ അഫ്ജ, മിസഈദ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന റീസൈക്ലിങ് പ്ലാന്റുകളിലെത്തിക്കും. 2023ലെ കണക്കുകൾ പ്രകാരം ഇൻഡസ്ട്രിയൽ ഏരിയയിൽ 11 ഫാക്ടറികൾ മാലിന്യ നിർമാർജനത്തിനായി പ്രവർത്തിക്കുന്നുണ്ട്.
ഏഴെണ്ണം ഏതാണ്ട് പ്രവർത്തന സജ്ജമാവുകയും, 12 എണ്ണം നിർമാണഘട്ടത്തിലുമാണ്. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി റീസൈക്ലിങ് ടുവേർഡ്സ് സസ്റ്റൈനബിലിറ്റി കോൺഫറൻസിന്റെ അഞ്ചാമത് എഡിഷൻ ഈ വർഷം നടക്കുമെന്നും അൽ ബഹർ വിശദീകരിച്ചു.
പ്ലാസ്റ്റിക്, പേപ്പർ, മരം, എണ്ണ, മെഡിക്കൽ അവശിഷ്ടങ്ങൾ, ജൈവ മാലിന്യങ്ങൾ എന്നിവക്കായി അൽ അഫ്ജയിൽ റീസൈക്ലിങ് ഫാക്ടറികൾ നിർമിക്കുന്നതിന് അമ്പത് പ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്. മാലിന്യം സംസ്കരിക്കാനും അവയുടെ അളവ് കുറക്കാനും റീസൈക്ലിങ് ഫാക്ടറികൾ രാജ്യത്ത് അത്യാവശ്യമാണ്.
ഉം ലഖ്ബ, മദീന ഖലീഫ നോർത്ത്, അൽ മർഖിയ, നുഐജ, ഹിലാൽ എന്നിവിടങ്ങളിൽ നിലവിലെ ചാരനിറത്തിലുള്ള കണ്ടെയ്നറുകൾക്ക് പുറമേ 1049 നീല കണ്ടെയ്നറുകളും പൊതു ശുചിത്വ വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ലെജ്ബൈലാത്ത്, ഹസ്ം അൽ മർഖിയ, അൽ ഖസ്സാർ എന്നിവിടങ്ങളിൽ 934 കണ്ടെയ്നറുകൾ അനുവദിച്ചു. ആദ്യം ദോഹയിൽ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 2025 വരെ രണ്ട് വർഷത്തോളം നീളുകയും എല്ലാ വീടുകളിലേക്കും എത്തിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.