യാംബു: സൗദി അറേബ്യയുടെ ‘ഡിജിറ്റൽ എക്സ്പീരിയൻസ് മെച്യൂരിറ്റി’ സൂചിക ഈ വർഷം 80.6 ശതമാനമായി ഉയർന്നതായി രാജ്യത്തെ ഡിജിറ്റൽ ഗവ. അതോറിറ്റി (ഡി.ജി.എ) അറിയിച്ചു. നേരത്തേ രേഖപ്പെടുത്തിയ 77.26 ശതമാനത്തിൽ നിന്നാണ് നില മെച്ചപ്പെടുത്തിയതെന്ന് അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. രാജ്യത്തെ ഗവ. ഡിജിറ്റൽ സംവിധാനങ്ങളെ സംയോജിപ്പിക്കാനും ഏകീകൃത നയം രൂപവത്കരിക്കാനും നടത്തിയ നീക്കങ്ങൾ ഏറെ ഫലം കണ്ടതായി അതോറിറ്റി ഗവർണർ എൻജി. അഹ്മദ് ബിൻ മുഹമ്മദ് അൽ സുവൈയാൻ വ്യക്തമാക്കി.
ഗവ. പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നതിന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ബിസിനസ് സുഗമമാക്കുന്നതിന്റെയും മത്സരക്ഷമത വർധിപ്പിക്കുന്നതിലും വളർച്ചസൂചിക ഏറെ ഫലം കണ്ടതായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
1,34,000ത്തിലധികം ഗുണഭോക്താക്കളുടെ പങ്കാളിത്തത്തോടെ 2023ലെ ഡിജിറ്റൽ എക്സ്പീരിയൻസ് മെച്യൂരിറ്റി ഇൻഡക്സിന്റെ ഫലങ്ങൾ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഡിജിറ്റൽ ഗവ. പ്ലാറ്റ്ഫോമുകൾ ദ്രുതഗതിയിലുള്ള വളർച്ചക്ക് സാക്ഷ്യം വഹിക്കുന്നു. മത്സരശേഷി വർധിപ്പിക്കുകയും സുഗമവും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങളിലൂടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രാദേശിക വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യുന്നതായി അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഗുണഭോക്താക്കളുടെ സംതൃപ്തി, ഉപഭോക്തൃ അനുഭവം, പരാതികൾ പരിഹരിക്കൽ, സാങ്കേതികവിദ്യകളും ഉപകരണങ്ങളും എന്നിങ്ങനെ നാല് പ്രധാന കാഴ്ചപ്പാടുള്ള 24 ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ മെച്യൂരിറ്റി അളക്കുന്നതിലാണ് സൂചിക ശ്രദ്ധ കേന്ദ്രീകരിച്ചത്. മികച്ച 10 ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ഫലങ്ങൾ അതോറിറ്റി വെളിപ്പെടുത്തി. ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം 89.40 ശതമാനം വളർച്ച കൈവരിച്ചു. തൊട്ടുപിന്നാലെ 89.28 ശതമാനം വളർച്ചയോടെ ‘അബ്ഷീർ’ പ്ലാറ്റ്ഫോമും നില മെച്ചപ്പെടുത്തി. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) പ്ലാറ്റ്ഫോം 88.10 ശതമാനം വളർച്ചസൂചികയാണ് കൈവരിച്ചത്.
‘സിഹത്തീ’ പ്ലാറ്റ്ഫോം 86.50 ശതമാനം നേടി പട്ടികയിൽ നാലാം സ്ഥാനത്തെത്തി. സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പ്ലാറ്റ്ഫോം 86.09 ശതമാനവും ‘തവക്കൽന’ 85.35 ശതമാനവും ആണ് വളർച്ചസൂചിക റിപ്പോർട്ട് ചെയ്തത്.
ഗുണഭോക്താക്കളുടെ സംതൃപ്തിയുടെ തോത് വർധിപ്പിക്കാനും അവരുടെ ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്താനും ഡിജിറ്റൽ ഗവൺമെന്റിന്റെ തന്ത്രപരമായ നിർദേശങ്ങൾക്കനുസൃതമായി അവരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് ഡിജിറ്റൽ എക്സ്പീരിയൻസ് മെച്യൂരിറ്റി ഇൻഡക്സ് ലക്ഷ്യമിടുന്നതെന്ന് അഹ്മദ് ബിൻ മുഹമ്മദ് അൽ സുവൈയാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.