പദ്ധതിപ്രഖ്യാപനത്തിന്​ ഹത്തയിൽ എത്തിയ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദും സംഭാഷണത്തിൽ

ഹത്തയിൽ വൻ ടൂറിസം പദ്ധതി വരുന്നു

ദുബൈ: എമിറേറ്റിലെ മലയോര മേഖലയായ ഹത്തയിൽ വൻ ടൂറിസം പദ്ധതി വരുന്നു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ വികസനപ്രവർത്തനങ്ങളുടെ ഭാഗമായ പുതിയ പദ്ധതി പ്രഖ്യാപിച്ചത്​. പുതിയ തടാകം, ടൂറിസ്​റ്റ്​ ബീച്ച്​, ഗതാഗത സംവിധാനം, ദൈർഘ്യമേറിയ പർവതനടപ്പാത എന്നിവയടങ്ങിയതാണ്​ പദ്ധതി. ഇതിന്​ പുറമെ ഹോട്ടൽ സൗകര്യങ്ങളും 120 കി.മീറ്റർ സൈക്കിൾ പാതയും നിർമിക്കും.

ഹത്തയിലെ വി​കസനപ്രവർത്തനങ്ങൾക്ക്​ മേൽനോട്ടം വഹിക്കാൻ​ പ്രത്യേക സ്​ഥിരം കമ്മിറ്റിയെ നിശ്ചയിച്ചതായും ശെശഖ്​ മുഹമ്മദ്​ അറിയിച്ചു. ഹത്തയിലെ ജനങ്ങൾക്ക് പ്രയോജനകരവും യു.എ.ഇയിലെ കുടുംബങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രമാകുന്നതുമായ സംയോജിത സാമ്പത്തികമാതൃക നിർമിക്കുകയാണ് ലക്ഷ്യം. എല്ലാ പ്രദേശങ്ങളും വികസിപ്പിക്കാൻ കൂടുതൽ പദ്ധതി ജനങ്ങൾക്ക്​ ഉറപ്പുനൽകുന്നു. നമ്മുടെ രാജ്യത്തി​െൻറ ഭാവി ഏറ്റവും മികച്ചതായിരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേമം, ടൂറിസം, കായികപ്രവർത്തനങ്ങൾ, സുസ്​ഥിരത എന്നീ നാല്​ പ്രധാനപ്പെട്ട അടിസ്​ഥാനങ്ങളെയാണ്​ പദ്ധതി ഉൾക്കൊള്ളുന്നതെന്നും ആദ്യ അഞ്ചു വർഷത്തേക്കുള്ള പദ്ധതികളാണ്​ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. ഹത്തയിൽ കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾക്ക്​ സാഹചര്യമൊരുക്കുന്നതാണിതെന്നും അദ്ദേഹം വ്യക്​തമാക്കി. ദുബൈ 2040 അർബൺ മാസ്​റ്റർ പ്ലാനി​െൻറ ഭാഗമായാണിത്​ രൂപപ്പെടുത്തിയത്​. അടിസ്​ഥാന സൗകര്യങ്ങളുടെയും വികസന പദ്ധതികളുടെയും വിപുലീകരണമാണ്​ അടുത്ത 20 വർഷത്തേക്കുള്ള പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​. ഹത്തയിൽ സന്ദർശത്തിനിടെയാണ്​ ശൈഖ്​ മുഹമ്മദ്​ പദ്ധതി പ്രഖ്യാപനം നടത്തിയത്​.

ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാദ്​ ആൽ മക്​തൂം, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം തുടങ്ങിയവരും സന്ദർശനത്തിൽ ശെശഖ്​ മുഹമ്മദിനെ അനുഗമിച്ചു.

Tags:    
News Summary - A big tourism project is coming up in Hatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.