യു.പിയി​ൽ ബി.ജെ.പിയെ പിടിച്ചുകെട്ടിയത് അഖിലേഷിന്റെ ചാണക്യതന്ത്രം

ലക്നൗ: ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകൾ ഉള്ള ഉത്തർപ്രദേശിൽ (80) ബി.ജെ.പിയെ പിടിച്ചുകെട്ടുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഇൻഡ്യ സഖ്യത്തിന്റെ പ്രധാന മുഖമായി മാറിയ സമാജ്‍വാദി പാർട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവിന്റെ ചാണക്യ തന്ത്രങ്ങൾ. രാഹുൽ ഗാന്ധിക്കും മറ്റു ഇൻഡ്യ സഖ്യ നേതാക്കൾക്കുമൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച അഖിലേഷ്, യു.പിയിൽ സഖ്യത്തി​ന്റെ നിലനിൽപ്പിനായി സീറ്റുകൾ മറ്റു പാർട്ടികൾക്ക് വിട്ടുകൊടുത്ത് വിശാലത കാണിച്ച നേതാവ് കൂടിയാണ്. 18 സീറ്റുകൾ കോൺഗ്രസിന് നൽകിയപ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് ഭദോഹി മണ്ഡലവും എസ്.പി നീക്കിവെച്ചിരുന്നു.

അവസാന പ്രവണതകൾ പ്രകാരം 37 സീറ്റുകളിൽ എസ്.പി മുന്നിട്ട് നിൽക്കുന്നു. ബി.ജെ.പി 33 സീറ്റിലും. രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിൽ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നപ്പോൾ, കഴിഞ്ഞ തവണ അദ്ദേഹം തോറ്റ അമേത്തിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലക്ഷത്തിലധികം വോട്ടുകൾക്ക് പിന്നിലായി.


2019ൽ ബഹുജൻ സമാജ് പാർട്ടിയുമായി (ബി.എസ്.പി) സഖ്യത്തിൽ മത്സരിച്ച എസ്.പിക്ക് അഞ്ച് സീറ്റിലാണ് വിജയിക്കാനായത്. ബി.ജെ.പി തനിച്ച് 62 സീറ്റിൽ വിജയിച്ച സ്ഥാനത്ത് നിന്ന് 33ലേക്കുള്ള കൂപ്പുകുത്തൽ പാർട്ടിക്ക് ഒന്നാകെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വ്യക്തിപരമായും വലിയ ആഘാതമാണ്. അയോധ്യയിലെ രാമക്ഷേത്രം ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ പോലും പിറകിലായത് ബി.ജെ.പിക്കുണ്ടാക്കുന്ന ആഘാതം ചില്ലറയല്ല.

സ്ഥാപകൻ മുലായം സിങ് യാദവി​ന്റെ മരണശേഷം എസ്.പി നേരിടുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ പക്ഷേ മകനായ അഖിലേഷ് ഒട്ടും നിരാശപ്പെടുത്തിയില്ല. പിന്നാക്ക ദലിത് മുസ്‍ലിം ന്യൂനപക്ഷങ്ങൾ ഒന്നടങ്കം അഖിലേഷിന് പിന്നിൽ ഉറച്ചുനിന്നതായാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെയും ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറനെയും അടക്കമുള്ളവരെ കേസുകളിൽ കുടുക്കി ജയിലിൽ അടച്ചതിനും ബി.ജെ.പിയുടെ അധികാര ദുർവിനിയോഗത്തിനുമെതിരെ തന്റെ പ്രചാരണങ്ങളിൽ അഖിലേഷ് ആഞ്ഞടിച്ചിരുന്നു.


1973 ജൂലൈ ഒന്നിന് ജനിച്ച അഖിലേഷ് യാദവ്, രാജസ്ഥാനിലെ ധോൽപൂർ മിലിട്ടറി സ്കൂളിലാണ് പഠിച്ചത്. മൈസൂർ യൂനിവേഴ്സിറ്റിയിൽനിന്ന് എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ ബിരുദവും സിഡ്നിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 2000ത്തിൽ കനൗജ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ലും 2009ലും വിജയം ആവർത്തിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനവും വഹിച്ചു.

ആഗ്ര-ലഖ്നോ എക്സ്പ്രസ് വേ, ലഖ്നോ മെട്രോ പ്രോജക്ട്, അന്താരാഷ്ട്ര സ്റ്റേഡിയം, കാൻസർ ആശുപത്രി തുടങ്ങിയ വികസന പ്രവർത്തനങ്ങളുടെ നേട്ടവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാറിന് അവകാശപ്പെട്ടതാണ്. എസ്.പി നേതാവ് ഡിംപിൾ യാദവ് ആണ് ഭാര്യ. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്.

Tags:    
News Summary - Akhilesh snatches back Uttar Pradesh in surprise turnaround

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.