കൊൽക്കത്ത: പശ്ചിമ ബംഗാൾ കുച്ച് ബെഹാർ ജില്ലയിൽ ബി.ജെ.പി നേതാവിനെ പട്ടാപ്പകൽ വെടിവെച്ചുകൊന്നു. ദിൻഹതയിലെ പ്രാദേശിക നേതാവ് പ്രശാന്ത റോയ് ബസൂനിയയെയാണ് വെള്ളിയാഴ്ച വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമികൾ വെടിവെച്ചുകൊന്നത്. അമ്മയുടെ കൺമുന്നിലാണ് സംഭവം.
ദിൻഹത ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രശാന്ത ബസൂനിയ. ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തി അമ്മയോടൊപ്പം ഇരിക്കുകയായിരുന്നു. ഈ സമയത്ത് അക്രമി സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും സംഘത്തിലൊരാൾ പെട്ടെന്ന് പിസ്റ്റൾ എടുത്ത് വെടിവെക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബി.ജെ.പിയിലെ വിഭാഗീയതയാണ് കൊലക്ക് പിന്നിലെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തൃണമൂൽ നേതാവും സംസ്ഥാന മന്ത്രിയുമായ ഉദയൻ ഗുഹ പറഞ്ഞു. കൊല്ലപ്പെട്ട പ്രശാന്ത റോയ് ബസൂനിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്നും ഇദ്ദേഹം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പിന്തുണയുള്ള ഗുണ്ടകളാണെന്നും കേസ് സിബിഐയ്‌ക്ക് വിടണമെന്നും ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂൽ പ്രവർത്തകർ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നത് ഭയന്നാണ് കൊലപാതകമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബസുനിയയെ കൊലപ്പെടുത്തിയത് ടിഎംസി ക്രിമിനലുകളാണെന്ന് ബിജെപി പശ്ചിമ ബംഗാൾ വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. ഇത് രാഷ്‌ട്രീയ കൊലപാതകമാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ ദുർബലപ്പെടുത്തുകയാണ് ടിഎംസിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.