ന്യൂഡൽഹി: കോവിഡ് വ്യാപനം മൂലം 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയ രീതി പ്രഖ്യാപിച്ച് സി.ബി.എസ്.ഇ. വിദ്യാർഥിയുടെ 10, 11,12 ക്ലാസുകളിലെ പഠന നിലവാരം വിലയിരുത്തി യഥാക്രമം 30:30:40 എന്ന അനുപാതത്തിൽ മാർക്ക് നൽകും. ജൂലൈ 31ഒാടെ ഫലം പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ സുപ്രീംകോടതിയെ അറിയിച്ചു.
പരീക്ഷയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവേ, മാർഗരേഖ തയാറാക്കാൻ സി.ബി.എസ്.ഇ നിയോഗിച്ച 13 അംഗ സമിതിയുടെ റിപ്പോർട്ട് അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.
പുതിയ മൂല്യനിർണയ രീതിയോട് അനുകൂലമായി പ്രതികരിച്ച സുപ്രീംകോടതി, മുന്നോട്ടുവെച്ച മാനദണ്ഡം കൃത്യമായി നടപ്പിലാക്കി ഫലം വേഗത്തിൽ പ്രഖ്യാപിക്കാൻ നിർദേശിച്ചു. പരീക്ഷ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി.
മൂല്യനിർണയ രീതി
- 10ാം ക്ലാസ് ബോർഡ് പരീക്ഷയിൽ പ്രധാന അഞ്ച് വിഷയങ്ങളിൽ, വിദ്യാർഥിക്ക് കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് ഫലത്തിന് പരിഗണിക്കുക. ഇതിെൻറ മൂന്നിേൻറയും ശരാശരി കണക്കാക്കി 30 ശതമാനം വെയിറ്റേജ് നൽകും. ഉദാഹരണം: 80ൽ 80 മാർക്കും ലഭിച്ചിട്ടുണ്ടെങ്കിൽ അതിെൻറ 30 ശതമാനമായ 24 മാർക്ക് ലഭിക്കും. 80ൽ 60 മാർക്കാണ് കിട്ടിയതെങ്കിൽ, നൽകുന്നത് 18 മാർക്ക്.
- 11ാം ക്ലാസിലെ മുഴുവൻ വർഷാവസാന പരീക്ഷകളുടേയും മാർക്കിെൻറ അടിസ്ഥാനത്തിലാണ് 30 ശതമാനം വെയിറ്റേജ് നൽകുക. പരമാവധി മാർക്ക് 24 ആയിരിക്കും.
- 12ാം ക്ലാസിൽ വെയ്റ്റേജ് 40 ശതമാനം. തിയറിക്ക് യൂനിറ്റ് ടെസ്റ്റുകൾ, അർധവാർഷിക പരീക്ഷ, പ്രീബോർഡ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ 40 ശതമാനം വെയിറ്റേജ്. സ്കൂൾ നൽകുന്ന പ്രാക്ടിക്കൽ ഫലം അതേപടി പരിഗണിക്കും.
- ഫലത്തിെൻറ കൃത്യത ഉറപ്പുവരുത്താൻ സ്കൂൾ പ്രിൻസിപ്പൽ, മുതിർന്ന രണ്ട് അധ്യാപകർ, തൊട്ടടുത്ത സ്കൂളിലെ രണ്ട് അധ്യാപകർ എന്നിവരടങ്ങുന്ന റിസൽറ്റ് കമ്മിറ്റി.
- ഈ വർഷത്തെ ശരാശരി മാർക്കും മുൻവർഷങ്ങളിലെ ശരാശരി മാർക്കും തമ്മിൽ വലിയ അന്തരം ഉണ്ടാവാൻ പാടില്ല.
- ഈ രീതിയിലൂടെ ജയിക്കാത്തവർക്ക് പിന്നീട് നടത്തുന്ന പരീക്ഷ എഴുതാം. പുതിയ രീതിയിൽ തൃപ്തരല്ലാത്തവർക്കും സാഹചര്യം അനുകൂലമാകുമ്പോൾ നടത്തുന്ന എഴുത്തു പരീക്ഷയിൽ പങ്കെടുക്കാം. അപ്പോൾ കിട്ടുന്ന മാർക്ക് അന്തിമ ഫലമായി കണക്കാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.