ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിൽ ഏറ്റവും കൂടുതൽ കാലതാമസം വരുത്തിയത് ആലപ്പുഴ സീറ്റ്. ഹൈകമാൻഡ് പ്രതിനിധിയായി കെ.സി. വേണുഗോപാൽ, മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ എ.എ. ഷുക്കൂർ, വനിത പ്രാതിനിധ്യംകൂടി പരിഗണിക്കുന്നവിധം ഷാനിമോൾ ഉസ്മാൻ -ഇതിൽ ആരു വേണമെന്ന ചോദ്യത്തിനു മുന്നിൽ നടന്നത് പല കൂട്ടിക്കിഴിക്കൽ. മുൻതൂക്കം നേടിയത് ഷാനിമോൾ ഉസ്മാൻ.
വയനാട് വിട്ട് മറ്റൊരു ദക്ഷിണേന്ത്യൻ സീറ്റിലേക്ക് രാഹുൽ ഗാന്ധി മാറുന്നതിനെക്കുറിച്ച ചർച്ചകൾ അന്തിമഘട്ടത്തിൽ കൂടുതൽ ദുർബലമായി. അമേത്തിയിൽ രാഹുൽ വീണ്ടും മത്സരിക്കും. വയനാട് വിട്ട് കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് രാഹുൽ മാറുന്നത് നഷ്ടക്കച്ചവടമായേക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായത്. രാഹുൽ ഇഫക്ട് കേരളത്തിലെ മണ്ഡലങ്ങളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ കർണാടകയിലോ തെലങ്കാനയിലോ ഉണ്ടാകണമെന്നില്ല.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂർ മത്സരത്തിന് സമ്മതം അറിയിച്ചു. അതിനു പ്രധാന കാരണങ്ങളിലൊന്ന് തെരഞ്ഞെടുപ്പാനന്തര സാഹചര്യം. തെരഞ്ഞെടുപ്പിനു ശേഷമുള്ള ചിത്രത്തിൽ പി.സി.സി അധ്യക്ഷസ്ഥാനം സുധാകരന് നിലനിർത്താൻ സാധിച്ചുകൊള്ളണമെന്നില്ല. അദ്ദേഹത്തിന്റെ കണ്ണൂർ മത്സരമാകട്ടെ, ജയസാധ്യത വർധിപ്പിക്കുകയും ചെയ്യും.
സ്ഥാനാർഥി നിർണയത്തിന്റെ അന്തിമ ചർച്ചകൾ വ്യാഴാഴ്ച നടന്നപ്പോൾ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ തുടങ്ങിയവരും ഡൽഹിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.