'നിവർ' കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പ്; തമിഴ്നാട്ടിൽ 13 ജില്ലകളിൽ നാളെയും പൊതു അവധി

ചെന്നൈ: 'നിവർ' ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും കനത്ത നാശം വിതക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങൾക്കും കൃഷികൾക്കും നാശം വിതക്കും. പുതുച്ചേരിയിലും കാരയ്ക്കലിലുമാകും ഏറ്റവും തീവ്രമായി കാറ്റ് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. ഇന്ന് അർധരാത്രിയോടെയാകും കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായി കാറ്റ് തീരം തൊടുക.

തീരത്തെത്തുമ്പോൾ മണിക്കൂറിൽ 130 കി.മീ മുതൽ 145 കി.മീ വരെ വേഗമാണ് കാറ്റിന് പ്രവചിക്കുന്നത്. തമിഴ്നാട്ടിലെ ഏഴ് ജില്ലകളിൽ കാറ്റ് കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പുണ്ട്. 13 ജില്ലകളിൽ നാളെയും പൊതു അവധി പ്രഖ്യാപിച്ചു. നിരവധി ജില്ലകളിൽ ബസ് ഗതാഗതം നിർത്തിയിരിക്കുകയാണ്.


ചെന്നൈക്ക് സമീപത്തെ ചെമ്പരമ്പക്കം തടാകം സംഭരണശേഷിയുടെ 80 ശതമാനം പിന്നിട്ടതിനെ തുടർന്ന് ഏഴ് ഗേറ്റുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുകയാണ്. കനത്ത മഴയാണ് തമിഴ്നാട്ടിൽ പലയിടങ്ങളിലായി അനുഭവപ്പെടുന്നത്.

ദക്ഷിണ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 24 ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്.


2015ലെ പ്രളയാനുഭവം മുൻനിർത്തി കർശന മുൻകരുതലാണ് തമിഴ്നാട്ടിൽ കൈക്കൊള്ളുന്നത്. പൂണ്ഡി, ചോളവാരം, റെഡ് ഹിൽസ്, ചെമ്പരമ്പക്കം റിസർവോയറുകളിൽ കർശന നിരീക്ഷണം തുടരുകയാണ്. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.