'നിവർ' ചുഴലിക്കാറ്റ്; കനത്ത മഴ, ചെമ്പരമ്പക്കം തടാകത്തിലെ വെള്ളം തുറന്നുവിട്ടു

ചെന്നൈ: 'നിവർ' ചുഴലിക്കാറ്റിന് മുന്നോടിയായി തമിഴ്നാട്ടിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. ചെന്നൈക്ക് സമീപത്തെ ചെമ്പരമ്പക്കം തടാകം സംഭരണശേഷിയുടെ 80 ശതമാനത്തിലെത്തിയ സാഹചര്യത്തിൽ ഏഴ് ഗേറ്റുകളിലൂടെ വെള്ളം തുറന്നുവിട്ടു. ഇന്ന് ഉച്ചയോടെ 1000 ഘനയടി വെള്ളം ഒഴുക്കിവിടുമെന്ന് അധികൃതർ അറിയിച്ചു. സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2015ന് ശേഷം ആദ്യമായാണ് തടാകത്തിൽ നിന്ന് വെള്ളം ഒഴുക്കുന്നത്.

24 അടിയാണ് ആകെ സംഭരണശേഷി. ജലനിരപ്പ് 22 അടിയിലെത്തിയതോടെയാണ് തുറന്നുവിടാൻ ആരംഭിച്ചത്. 19 ഗേറ്റുകളിൽ ഏഴെണ്ണമാണ് തുറന്നിട്ടുള്ളത്.


'നിവർ' ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീരം തൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവ ജാഗ്രതയാണ് പുലർത്തുന്നത്. തമിഴ്നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കയാണ്. ഏഴ് ജില്ലകളിൽ ബസ് സർവിസ് നിർത്തിവെച്ചു. പുതുച്ചേരിയിൽ 26 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആന്ധ്ര പ്രദേശിന്‍റെ പല ഭാഗങ്ങളിലും റെഡ് അലേർട്ടുണ്ട്.

'നിവർ' അതിതീവ്ര ചുഴലിക്കാറ്റായി ഇന്ന് വൈകീട്ടോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയ്ക്കായി തീരത്ത് പതിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയത്. മണിക്കൂറിൽ 145 കി.മീ വരെയാകും കാറ്റിന്‍റെ വേഗത.

ചെന്നൈ എയർപോർട്ടിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ദാക്കി. തമിഴ്നാട്ടിലാകെ 1200ലേറെ കേന്ദ്ര ദുരന്തപ്രതികരണ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈ കോർപറേഷനിൽ മാത്രം 129 ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. 36 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.