കൊൽക്കത്ത: ഹോളി ആഘോഷത്തിനിടെ രാസവസ്തുക്കളടങ്ങിയ നിറങ്ങൾ മുഖത്തെറിഞ്ഞതായി ബി.ജെ.പി എം.പിയുടെ പരാതി. ഹൂഗ്ലി എം.പിയായ ലോക്കറ്റ് ചാറ്റർജിയാണ് പരാതിയുമായെത്തിയത്. ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതനിടെയാണ് സംഭവം.
തുണി ഉപയോഗിച്ച് കണ്ണ് മറച്ചിരിക്കുന്ന ലോക്കറ്റ് ചാറ്റർജിയുടെ ചിത്രങ്ങൾ പുറത്തുവന്നു. കൊഡാലിയയിൽ പ്രചാരണം പുരോഗമിക്കുന്നതിനിടെ വഴിയിൽ സ്ത്രീകൾ ഹോളി ആഘോഷിക്കുന്നുണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും പാട്ട് പാടുകയും നൃത്തം ചെയ്യുകയുമായിരുന്നു. അവർ ഹോളി ആഘോഷിക്കാൻ ക്ഷണിച്ചേപ്പാൾ കൊറോണയായതിനാൽ ആവശ്യം നിരസിച്ചു. പകരം നിറങ്ങൾ ദേഹത്തെറിഞ്ഞോളാൻ സ്ത്രീകളോട് പറഞ്ഞു. എന്നാൽ അവിടെയുണ്ടായിരുന്ന രണ്ടുപുരുഷൻമാർ മുന്നോട്ടുവരികയും തീർച്ചയായും നിറങ്ങൾ വിതറാമെന്ന് പറയുകയുമായിരുന്നു. അവർ സ്ത്രീകളുടെ സംഘത്തിൽപ്പെട്ടവരാണെന്നാണ് കരുതിയിരുന്നതെന്നും ലോക്കറ്റ് ചാറ്റർജി പറഞ്ഞു.
നിമിഷങ്ങൾക്കകം പുരുഷൻമാർ നിറങ്ങളുമായി വരികയും മുഖത്തേക്ക് എറിയുകയുമായിരുന്നു. കണ്ണട വെച്ചിരുന്നതിനാൽ കണ്ണിന് ഒന്നും പറ്റിയില്ലെന്നും എന്നാൽ കണ്ണിന്‍റെ വശങ്ങളിൽ പൊള്ളൽ അനുഭവെപ്പടുന്നുണ്ടെന്നും അവർ പറഞ്ഞു.
ആരാണ് തന്‍റെ കണ്ണിലേക്ക് നിറങ്ങളെറിഞ്ഞതെന്ന് നോക്കിയപ്പോൾ തൃണമൂൽ ബാഡ്ജ് ധരിച്ച് മൂന്നുനാലുപേർ അൽപ്പം അകലെ നിൽക്കുന്നുണ്ടായിരുന്നുവെന്നും അവരിൽ ഒരാളാണ് രാസവസ്തുക്കൾ അടങ്ങിയ നിറങ്ങൾ മുഖത്തേക്ക് എറിഞ്ഞതെന്നും അവർ ആരോപിച്ചു.
ലോക്കറ്റ് ചാറ്റർജിയെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ആക്രമിച്ചുവെന്ന് കാട്ടി ബി.ജെ.പി ബംഗാൾ ഘടകം എം.പിയുടെ വിഡിയോയും പങ്കുവെച്ചു. തൃണമൂൽനേതാവ് ജി.പി. പ്രധാൻ ബിദ്യുത് ബിശ്വാസിന്‍റെ നേതൃത്വത്തിലാണ് ആക്രമണമെന്നും പരാജയ ഭീതിയെ തുടർന്നാണിതെന്നും ബി.ജെ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.