യു.എസ് കമ്പനിക്ക് 16000 കോടി സബ്സിഡി; മന്ത്രി കുമാര സ്വാമി വിശദീകരണം തേടി

ബംഗളൂരു: ഗുജറാത്തിലെ യു.എസ് കമ്പനിക്ക് 16000 കോടി രൂപ സബ്‌സിഡി അനുവദിച്ചതിന്റെ വിശദാംശങ്ങൾ തേടി കേന്ദ്രമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്‌.ഡി കുമാരസ്വാമി. സെമികണ്ടക്ടര്‍ നിര്‍മാതാക്കളായ മൈക്രോണിനാണ് ഇത്രയും തുക അനുവദിച്ചത്. സെമി കണ്ടക്ടര്‍ പ്രോജക്ടിനു വേണ്ടി ഭീമമായ തുക അനുവദിക്കുന്നതു ശരിയാണോയെന്നതിന്റെ വിശദാംശങ്ങളാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.

ബംഗളൂരുവില്‍ പാര്‍ട്ടി പരിപാടിയിലായിരുന്നു എച്ച്‌.ഡി കുമാരസ്വാമിയുടെ അഭിപ്രായപ്രകടനം. മൈക്രോണ്‍ 5,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി രണ്ട് ബില്യന്‍ ഡോളറാണ് (ഏകദേശം 16,000 കോടി രൂപ) അവര്‍ക്ക് സബ്‌സിഡി അനുവദിച്ചിരിക്കുന്നത്.

മൊത്തത്തില്‍ കൂട്ടി നോക്കിയാല്‍ കമ്പനിയുടെ ആകെ നിക്ഷേപത്തിന്റെ 70 ശതമാനം വരുമിത്. ഇത്രയും വലിയൊരു തുക ഇങ്ങനെയൊരു കമ്പനിക്ക് നല്‍കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചെന്നും കുമാരസ്വാമി വെളിപ്പെടുത്തി.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ തുക വകയിരുത്തിയാലുള്ള ഗുണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരുവിലെ വ്യവസായ മേഖലയായ പീനിയ ഒരു ഉദാഹരണമാണ്. എത്ര ലക്ഷം ജോലിയാണ് അവര്‍ സൃഷ്ടിച്ചത്? എന്നാല്‍, അവര്‍ക്ക് എന്താണു നമ്മള്‍ ചെയ്തുകൊടുത്തത്? രാജ്യത്തിന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാമെന്നാണ് താനിപ്പോള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - H.D. Kumaraswamy Questions Subsidy Given to US-Based Company for Unit in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.