ബംഗളൂരു: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി ഐ.പി.എസുകാരിയായ ഡി. രൂപക്കെതിരെ നൽകിയ കേസിൽ വാദം കേൾക്കുന്നത് കോടതി മാർച്ച് ഏഴിലേക്ക് മാറ്റിവെച്ചു. തനിക്കെതിരെ ഡി. രൂപ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് രോഹിണി 74ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. ഇതിനെതിരെ ഡി. രൂപ തടസ്സഹരജിയും നൽകിയിട്ടുണ്ട്. തന്റെ സ്വകാര്യ ഫോൺനമ്പർ അടക്കം സമൂഹമാധ്യമങ്ങളിൽ രൂപ പ്രചരിപ്പിച്ചെന്നും ഇതിനാൽ തനിക്ക് നിരന്തരം ഫോൺ വിളികൾ വരുന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിന്ദൂരി ബുധനാഴ്ച ഹരജി നൽകിയത്. ഇതിനു പുറമെ ഒരു കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നൽകിയിരുന്നു. 24 മണിക്കൂറിനകം ക്ഷമാപണം നടത്തണമെന്നും കാണിച്ച് നൽകിയ നോട്ടീസിനോട് ഇതുവരെ ഡി. രൂപ പ്രതികരിച്ചിട്ടില്ല.
സംസ്ഥാന കരകൗശല വികസന കോർപറേഷൻ എം.ഡിയായിരുന്ന ഡി. രൂപയും ദേവസ്വം കമീഷണറായിരുന്ന രോഹിണി സിന്ദൂരിയും കഴിഞ്ഞ ദിവസങ്ങളിൽ പരസ്യപോര് നടത്തിയിരുന്നു. രോഹിണി സിന്ദൂരി മൈസൂരു കെ.ആർ. നഗറിലെ ജനതാദൾ എം.എൽ.എയും മുൻമന്ത്രിയുമായ മഹേഷുമൊന്നിച്ച് റസ്റ്റാറന്റിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതിന് പിറകെ രോഹിണി അഴിമതിക്കാരിയാണെന്നതടക്കം 19 ആരോപണങ്ങളാണ് ഡി. രൂപ ഫേസ്ബുക്കിലൂടെയും മറ്റും ഉന്നയിച്ചത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. തുടർന്ന് ഇരുവരെയും തൽസ്ഥാനത്ത് നിന്ന് സർക്കാർ നീക്കി. പകരം തസ്തിക നൽകിയിട്ടുമില്ല.
അതിനിടെ രോഹിണിക്കെതിരെ വിവരാവകാശ പ്രവർത്തകനായ ഗംഗാരാജുവിനോട് ഡി. രൂപ നടത്തിയ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തായിരുന്നു. സിന്ദൂരിക്കെതിരെ പരാതി നൽകണമെന്നാണ് രാജുവിനോട് ഇവർ ആവശ്യപ്പെടുന്നത്. പുരുഷന്മാരെ വലവീശി കാര്യം സാധിക്കുന്നയാളാണ് സിന്ദൂരിയെന്നും രൂപ ഇതിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.