ചെന്നൈ: നിവർ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുകയാണെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച മുന്നറിയിപ്പു നൽകി. മണിക്കൂറിൽ 155 കിലോമീറ്റർവരെ വേഗത്തിൽ ചെന്നൈക്കടുത്ത മഹാബലിപുരത്തിനും കാരക്കലിനുമിടയിൽ വ്യാഴാഴ്ച പുലർച്ച ചുഴലിക്കാറ്റ് തീരം തൊടും. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി കടലോരപ്രദേശങ്ങൾ അതിജാഗ്രതയിലാണ്. ചെന്നൈ നഗരത്തിൽ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്.
2015ലെ വെള്ളപ്പൊക്കത്തിന് മുഖ്യകാരണമായെന്ന് ആരോപിക്കപ്പെട്ട ചെമ്പരപാക്കം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ബുധനാഴ്ച ഉച്ചക്കുശേഷം ആയിരം ഘന അടി വെള്ളം തുറന്നുവിട്ടു. അഡയാറിെൻറ കരകളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
രണ്ടു ദിവസമായി ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും പേമാരി തുടരുകയാണ്. നഗരത്തിലെ അണ്ണാശാലൈ, ചിറ്റിലപാക്കം, മേടവാക്കം, താമ്പരം, എഗ്മോർ ഭാഗങ്ങളിലെ നൂറുക്കണക്കിന് വീടുകളിൽ വെള്ളംകയറി. ചെന്നൈ, കടലൂർ, ചെങ്കൽപട്ട്, തിരുവാരൂർ, കാഞ്ചിപുരം, നാഗപട്ടണം, തഞ്ചാവൂർ, പുതുക്കോട്ട, മയിലാടുതുറൈ, വിഴുപ്പുറം തുടങ്ങിയ ജില്ലകളിൽ ജനജീവിതം നിശ്ചലമായിരിക്കയാണ്. വടക്കൻ തമിഴക കടലോര ജില്ലകളിൽ 987 ദുരിതാശ്വാസ ക്യാമ്പുകളിലായി 24,166 പേരെ മാറ്റിപ്പാർപ്പിച്ചു. വ്യാഴാഴ്ച ചെന്നൈ ഉൾപ്പെടെ 13 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച തമിഴ്നാട്ടിൽ 27 എക്സ്പ്രസ് ട്രെയിനുകൾ ഒാടില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. വിമാന സർവിസുകളും നിർത്തി. സബർബൻ ട്രെയിനുകളും റദ്ദാക്കി. പുതുച്ചേരിയിൽ നവംബർ 28വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.