ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് മോദിയെത്തും; സോണിയയും രാഹുലും ഉണ്ടാകില്ല

ന്യൂഡൽഹി: മുകേഷ് അംബാദിയുടെ മകൻ ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പ​ങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. ഗാന്ധി കുടുംബം വിവാഹത്തിനെത്തില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. മാസങ്ങൾ നീണ്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കു ശേഷം ഇന്നാണ് ഇരുവരുടെയും വിവാഹം. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങുകൾ നടക്കുന്നത്.

മുകേഷ് അംബാനി ഡൽഹിയിൽ നേരിട്ടെത്തി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിവാഹത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇരുവരും പങ്കെടുക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി തവണ അംബാനിയെ രാഹുൽ വിമർശിച്ചിരുന്നു. ധിരുഭായ് അംബാനിയുടെ കാലം മുതൽ അവരുമായി അടുപ്പം സൂക്ഷിക്കുന്നവരാണ് ഗാന്ധി കുടുംബം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചടങ്ങിനെത്തും. താക്കറെ കുടുംബവും വിവാഹത്തിനെത്തും. ഇവരെല്ലാവരെയും അംബാനി വ്യക്തിപരമായി ചടങ്ങിലേക്ക് ക്ഷണിച്ചതാണ്.

കിം കർദാഷിയാൻ, ക്ലോയി കർദാഷിയാൻ, നിക്ക് ജോനാസ്, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, രാം ചരൺ, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, സാംസങ് സിഇഒ ഹാങ് ജോങ് ഹീ തുടങ്ങിയ പ്രമുഖർ വിവാഹത്തിനായി മുംബൈയിലെത്തിയിട്ടുണ്ട്. മൂന്നു ദിവസം നീണ്ടു നിൽക്കുന്നതാണ് വിവാഹ ചടങ്ങുകൾ. മാർച്ചിൽ ഗുജറാത്തിലെ ജാം നഗറിൽ വച്ചാണ് ഇരുവരുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായത്. പോപ് ഗായിക റിഹാന, അർജീത് സിങ്, ദിൽജിത് ദൊസാൻജ്, ജസ്റ്റിൻ ബീബർ തുടങ്ങിയവരുടെ സംഗീത നിശയും വിവിധ ദിവസങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഇറ്റലിയിലെ ആഡംബരക്കപ്പലിലും ആഘോഷങ്ങൾ നടന്നിരുന്നു.

Tags:    
News Summary - PM Narendra Modi to attend Anant Ambani and Radhika Merchant's wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.