ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന കള്ളപ്പണ കേസിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. വ്യാഴാഴ്ച സോണിയയെ ഇ.ഡി രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ചോദ്യം ചെയ്യൽ വേളയിൽ 28 ചോദ്യങ്ങളുടെ മറുപടിയാണ് സോണിയ ഗാന്ധിയോട് ഇ.ഡി ആരാഞ്ഞത്.
അതേസമയം, ഇ.ഡി നടപടിയിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹം പ്രതിഷേധം സംഘടിപ്പിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മാർച്ചിനെ ബസുകൾ കുറുകെയിട്ട് തടഞ്ഞത് ഡൽഹി പൊലീസും എം.പിമാരും തമ്മിൽ ഉന്തുംതള്ളിനും വഴിവെച്ചു.
എന്നാൽ, പൊലീസ് ബാരിക്കേഡ് മറികടന്ന് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങി. ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചതോടെ എം.പിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്നാണ് എം.പിമാരായ മനീഷ് തിവാരി, മല്ലികാർജുന ഖാർഗെ, അധീർ രഞ്ജൻ ചൗധരി, കെ.സി. വേണുഗോപാൽ, രഞ്ജീത് രഞ്ജൻ, മണിക്കം ടാഗോർ, ഇംറാൻ പ്രതാപ് ഗാർഹി, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, ജെബി മേത്തർ, രമ്യ ഹരിദാസ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതിനിടെ, രാജ്ഘട്ടിൽ നടത്താനിരുന്ന സത്യഗ്രഹത്തിന് അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പ്രതിഷേധ പരിപാടിയും സംഘർത്തിൽ കലാശിച്ചു. എം.പിമാർ, ജനറൽ സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇ.ഡി വേട്ടയാടലിനെതിരെ പാർലമെന്റ് ഇരുസഭകളിലും കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചു. എം.പിമാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സഭാ നടപടികൾ നിർത്തിവെക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.