ഡോ. കഫീൽ ഖാന്‍റെ വീട്ടിൽ വീണ്ടും യു.പി പൊലീസ്​ റെയ്​ഡ്​

ഗോരഖ്​പൂർ (ഉത്തർപ്രദേശ്​): യോഗി സർക്കാർ കള്ളക്കേസ്​ ചുമത്തി വേട്ടയാടിയ ശിശുരോഗ വിദഗ്​ധൻ ഡോ. കഫീൽ ഖാന്‍റെ വീട്ടിൽ വീണ്ടും പൊലീസ്​ റെയ്​ഡ്​. തന്‍റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട്​ കഫീൽ ഖാൻ കേരളത്തിൽ പര്യടനം നട​ത്തവേയാണ്​ അദ്ദേഹത്തിന്‍റെ ഗോരഖ്​പൂരിലെ വീട്ടിൽ ഉത്തർപ്രദേശ്​ പൊലീസ്​ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്​ പരിശോധന നടത്തുന്നത്​.

പ്രായമായ ഉമ്മയും ബന്ധുവായ സ്​ത്രീയും മാത്രമാണ്​ വീട്ടിലുള്ളത്​. ഇവരെ ഭീഷണിപ്പെടുത്തിയാണ്​ റെയ്​ഡ്​ തുടരുന്നതെന്ന്​ ഡോ. കഫീൽ ഖാൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം കേരളത്തിൽ നടത്തിയ പ്രസംഗങ്ങളിൽ ഉത്തർപ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും തനിക്കെതിരെ നടക്കുന്ന വേട്ടയാടലുകളെ കുറിച്ചും സംസാരിച്ചിരുന്നു. ദേശീയമാധ്യമങ്ങളടക്കം ഇതുവാർത്തയാക്കിയതോടെ പകവീട്ടാനാണ്​ ഇപ്പോൾ റെയ്​ഡ്​ നടക്കുന്നതെന്നാണ്​ സൂചന.


'എന്റെ പുസ്തകം ആളുകൾക്ക് എത്തിക്കാൻ ഞാൻ കേരളത്തിലാണ്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ നിന്ന് മാറി, കുട്ടികളെ ചികിത്സിക്കുന്ന തിരക്കിലാണ്. 70 വയസ്സുള്ള എന്റെ മാതാവിനെ ഭീഷണിപ്പെടുത്തുന്നത്​ സഹിക്കാവുന്നതിന്​ അപ്പുറമാണ്​. അവരെ ഭീഷണിപ്പെടുത്തി നിങ്ങൾക്ക് എന്താണ് തെളിയിക്കേണ്ടത്? അറസ്റ്റ്​ ചെയ്യുകയോ കൊല്ലുകയോ ചെയ്യണോ? എന്ത് വേണമെങ്കിലും ചെയ്​തോളൂ.. പക്ഷേ മാതാവിനോട്​ കരുണ കാണിക്കൂ, അവർക്കത്​ താങ്ങാൻ കഴിയില്ല.. ഇത്തിരി മനുഷ്യത്വം ബാക്കിയുണ്ടാവണം സർ..'' വീട്​ റെയ്​ഡ്​ ചെയ്യുന പൊലീസുകാരുടെ ചിത്രം പങ്കു​വെച്ച്​ ഡോ. കഫീൽഖാൻ ഫേസ്​ബുക്കിൽ എഴുതി.


'ദ ഖൊരക്​പൂർ ഹോസ്പിറ്റൽ ട്രാജഡി- എ ഡോക്​ടേഴ്​സ്​ മെമയിർ ഓഫ്​ എ ഡെഡ്​ലി മെഡിക്കൽ ക്രൈസിസ്​' എ​ന്ന തന്‍റെ പു​സ്ത​ക​ത്തി​ന്‍റെ പ്രകാ​ശ​നവുമായി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിലാണ്​ ഡോ. കഫീൽ ഖാൻ. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്​, കൊച്ചി, തിരുവനന്തപുരം തുടങ്ങി വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ അദ്ദേഹം സംബന്ധിച്ചിരുന്നു. യോഗിയോടോ മോദിയോടൊ അല്ല അവർ പിന്തുടരുന്ന ആർ.എസ്​.എസ്​ ആശയങ്ങളോടാണ് തന്‍റെ എതിർപ്പെന്ന്​ അദ്ദേഹം എറണാകുളം പ്രസ്​ക്ലബിൽ നടന്ന ചടങ്ങിൽ വ്യക്​തമാക്കിയിരുന്നു. ആർ.എസ്​.എസിന്‍റെ ആശയങ്ങൾ ഭിന്നിപ്പിന്‍റേതും വെറുപ്പിന്‍റേതുമാണ്​. ആർ. എസ്‌. എസ്‌. മുന്നോട്ടുവെക്കുന്ന ആ ആശയം പിന്തുടരുന്ന ചെറുമത്സ്യങ്ങൾ മാത്രമാണ് നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും. യു.പിയിൽ തോൽവി സാധ്യത തിരിച്ചറിഞ്ഞാണ്​ യോഗി ഇപ്പോൾ മോദിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുഖമാക്കിയത്​. തോൽവി ഭയന്ന്​ സുരക്ഷിതമായ സീറ്റ് തേടി നടക്കുകയാണ്​ യോഗിയെന്നും കഫീൽ ഖാൻ പരിഹസിച്ചു.


വേട്ടയാടപ്പെട്ട തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും ജീവിതത്തിനൊപ്പം യു.പിയിൽ ജീവവായു കിട്ടാതെ മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെയും യഥാർഥ ചിത്രമാണ്​ പുസ്‌തകത്തിൽ. ഓക്സിജൻ കിട്ടാതെ 2017 -ൽ യു. പിയിൽ കൊല്ല​പ്പെട്ട 63 കുട്ടികളുടെ കുടുംബങ്ങൾക്കാണ്​ പുസ്തകം സമർപ്പിച്ചത്​. അഞ്ചു വർഷം കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ 20 ലക്ഷം രൂപ വാഗ്ദാനങ്ങളിൽ ഒതുങ്ങി. ഹൈകോടതിയും സുപ്രീംകോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും ഇപ്പോഴും തന്നെ ജോലിയിൽ തിരിച്ചെടുത്തിട്ടില്ല. അതിന്​ വേണ്ടിയുള്ള നിയമ പോരാട്ടത്തിലാണ്​ ഇപ്പോൾ. പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകരിൽ മിക്കവരും തയാറായില്ല. മലയാളത്തിലുൾ​പ്പെടെ മറ്റ് ഭാഷകളിലും വൈകാതെ പുറത്തിറങ്ങുമെന്നും കഫീൽ ഖാൻ അറിയിച്ചിരുന്നു.

Tags:    
News Summary - Uttar Pradesh Police raid Gorakhpur doctor Kafeel Khan's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT