ബജറ്റ് വിഹിതം നഷ്ടപ്പെടാതിരിക്കാന്‍ വകുപ്പുകളുടെ നെട്ടോട്ടം

തിരുവനന്തപുരം: സാമ്പത്തികവര്‍ഷം ഇന്ന് അവസാനിക്കാനിരിക്കെ ബജറ്റ് വിഹിതം നഷ്ടപ്പെടാതിരിക്കാന്‍ വകുപ്പുകളുടെ നെട്ടോട്ടം. ഇത്രയുംനാള്‍ പണം വാങ്ങിയെടുക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന വകുപ്പുകള്‍ അവസാനദിവസങ്ങളില്‍ പണം അനുവദിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഏറെ കരുതലോടെയാണ് ധനവകുപ്പ് പണം അനുവദിക്കുന്നത്.
കടമെടുപ്പ്പരിധി കഴിഞ്ഞതിനാല്‍ വിവിധ മാര്‍ഗങ്ങളിലൂടെ ട്രഷറിയില്‍ കൂടുതല്‍ പണമത്തെിച്ചാണ് പിടിച്ചുനിന്നത്.  ട്രഷറിയിലേക്ക് ബുധനാഴ്ചയും ബില്ലുകളുടെ കുത്തൊഴുക്കായിരുന്നു. ബുധനാഴ്ചത്തെ ഇടപാടുകള്‍ക്ക് ശേഷം 1500 കോടിയാണ് ട്രഷറിയില്‍ ബാക്കി വന്നത്. വ്യാഴാഴ്ച 1000 കോടി രൂപ വിനിയോഗിക്കേണ്ടിവരും. ചൊവ്വാഴ്ച 2000 കോടി രൂപ ചെലവ് പ്രതീക്ഷിച്ചെങ്കിലും കുറച്ചുമാത്രമേ വേണ്ടിവന്നുള്ളൂ. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ക്ക് പണം നല്‍കരുത്, മറ്റ് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ കര്‍ശനനിര്‍ദേശങ്ങളും ധനവകുപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 12 വരെ ട്രഷറികള്‍ പ്രവര്‍ത്തിക്കും.
അതേസമയം, പതിവുപോലെ ഇക്കുറിയും പദ്ധതിവിനിയോഗം ലക്ഷ്യംകാണില്ളെന്ന് ഉറപ്പായി. ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം 66.14 ശതമാനമാണ് വിനിയോഗം. ആകെയുള്ള 20000 കോടിയുടെ പദ്ധതിയില്‍ 13228.8 കോടി രൂപയാണ് ആറുമണിവരെ വിനിയോഗിക്കാനായത്. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കുറി വിനിയോഗം മെച്ചപ്പെടുത്തിയിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് വരുകയും ഭരണമാറ്റം ഉണ്ടാവുകയും ചെയ്തിട്ടും അവര്‍ ബുധനാഴ്ച വരെ 71.48 ശതമാനം പണം വിനിയോഗിച്ചു. 4800 കോടി രൂപയില്‍ 3430.89 ശതമാനം പണമാണ് ഇന്നലെവരെ വിനിയോഗിച്ചത്. 15200 കോടി രൂപയുടെ സംസ്ഥാന പ്ളാനില്‍ 64.49 ശതമാനം മാത്രമേ വിനിയോഗിക്കാനായിട്ടുള്ളൂ.  
കേന്ദ്രസഹായപദ്ധതികള്‍ക്ക് അനുവദിച്ച തുകയില്‍ പകുതിപോലും ഇക്കുറി ചെലവിട്ടിട്ടില്ല. ബുധനാഴ്ചവരെയുള്ള കണക്ക് പ്രകാരം 42.8 ശതമാനമാണ് വിനിയോഗം. 7686.32 കോടി രൂപയാണ് ഈ ഇനത്തിലുള്ളത്. പതിവുപോലെ ഇക്കുറിയും മരാമത്ത് വകുപ്പ് ഏറ്റവും കൂടുതല്‍ പദ്ധതിപണം ചെലവിട്ടതിന്‍െറ മികവ് നേടി. അനുവദിച്ചതിന്‍െറ ഇരട്ടിയോളം തുകയാണ് വകുപ്പ് നേടിയെടുത്തത്; 191.13 ശതമാനം. മരാമത്തിനുപുറമേ ധനകാര്യം( 104.40), കായികം ( 103.29) എന്നീ വകുപ്പുകള്‍ വിനിയോഗത്തില്‍ 100 ശതമാനം കടന്നു. നിയമം (97.45), പ്രവാസികാര്യം (92.40), ഗതാഗതം (90.76) എന്നിവയാണ് 90 ശതമാനം കടന്ന വകുപ്പുകള്‍.
വന്‍കിട പദ്ധതികള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന 1313.77 കോടി രൂപയില്‍ ഇതുവരെ പണമൊന്നും ചെലവിട്ടില്ല. ആസൂത്രണ-സാമ്പത്തികകാര്യവകുപ്പാണ് വിനിയോഗത്തില്‍ ഏറ്റവും പിന്നിലെന്നതാണ് ശ്രദ്ധേയം. 302.61 കോടിയുടെ വിഹിതമുണ്ടായിരുന്നെങ്കിലും വെറും 33.41 കോടി മാത്രമാണ് ചെലവിട്ടത്.  വെറും 11.04 ശതമാനം. ആഭ്യന്തര വിജിലന്‍സ് വകുപ്പിന് 161 കോടിയുടെ വാര്‍ഷികപദ്ധതി വിഹിതമുണ്ടായെങ്കിലും ബുധനാഴ്ച വരെ  23.67 കോടി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. ഇത് 14.70 ശതമാനമാണ്. തുറമുഖത്തിന് 269.29 കോടിയുടെ വിഹിതമുണ്ടായിരുന്നതില്‍ 44.36 കോടിയാണ് വിനിയോഗം; 16.47 ശതമാനം മാത്രം. റവന്യൂവകുപ്പിന്‍െറ പദ്ധതിപ്രവര്‍ത്തനം 15.32 ശതമാനത്തില്‍ ഒതുങ്ങി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.